വിചിത്രമാണ് ചില ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യം. അവര്‍ ഒരു വെബ്‌സൈറ്റിന്റെ പേര് അഡ്രസ് ബാറില്‍ എന്റര്‍ ചെയ്യുന്നതിനു പകരം അത് ഗൂഗിളില്‍ ടൈപ് ചെയ്തു കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നെറ്റ് ഉപയോഗം എന്നു പറഞ്ഞാല്‍ പലര്‍ക്കും ‘ഗൂഗിളിങ്’ ആണ്. എന്തിനും ഏതിനും ഗൂഗിളിനെ സമീപിക്കുന്ന രീതി. ഭക്ഷണത്തിന്റെ കുറിപ്പടികള്‍ മുതല്‍ മരുന്നുവരെ എന്തും തിരയും. ഇത്തരം ഉപയോക്താക്കള്‍ക്ക് അറിയില്ലാത്ത, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന കാര്യങ്ങളിലൊന്ന് ഗൂഗിള്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മാത്രമാണ് എന്നതാണ്. ഗൂഗിളിനു സ്വന്തമായി കണ്ടെന്റ് ഇല്ല. ഗൂഗിളില്‍ സേര്‍ച് ചെയ്ത് ലഭിക്കുന്ന ഉത്തരങ്ങളെല്ലാം ശരിയായിരിക്കണമെന്നില്ല എന്ന കാര്യവും മനസില്‍ വയ്ക്കണമെന്ന് ഒരു കൂട്ടം വിദഗ്ധര്‍ പറയുന്നു. ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ തിരയരുത് എന്നാണ് അവര്‍ മുന്നറിയിപ്പു നല്‍കുന്നത്.

‌∙ ബാങ്കിങ്

ഓണ്‍ലൈന്‍ ബാങ്കിങ് വെബ്‌സൈറ്റുകളിലേക്ക് ഗൂഗിളിലൂടെ കടക്കരുത് എന്നതാണ് പ്രധാന മുന്നറിയിപ്പ്. ഗൂഗിളില്‍ നിരവധി വ്യാജ ബാങ്കിങ് സൈറ്റുകളും ഉണ്ട്. ഇതിനാല്‍ ബാങ്കിന്റെ യുആര്‍എല്‍ നേരിട്ട് ബ്രൗസറില്‍ ടൈപ് ചെയ്തു കൊടുക്കുക. ഓരോ തവണയും ടൈപ് ചെയ്യാനാണു മടിയെങ്കില്‍ അത്തരം അഡ്രസുകള്‍ ഒരു നോട്ട്പാഡിലോ മറ്റോ ടൈപ് ചെയ്തു വച്ച ശേഷം അവിടെ നിന്നു നേരിട്ടോ, അല്ലെങ്കില്‍ കോപ്പി-പെയിസ്റ്റ് നടത്തുകയോ ചെയ്യുക. ഗൂഗിളില്‍ കിട്ടുന്ന വെബ്‌സൈറ്റ് നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക സൈറ്റ് പോലെ തോന്നിച്ചാലും ജാഗ്രതക്കുറവുകൊണ്ട് വ്യാജ സൈറ്റിലാണ് കയറിയതെങ്കില്‍ ഫിഷിങ്ങിന് (phishing) ഇരയാകാം.

∙ പോണ്‍

നിങ്ങളുടെ സേര്‍ച്ചിനു അനുസരിച്ച് പരസ്യം കാണിക്കുക എന്നത് ഗൂഗിളിന്റെ ജീവരഹസ്യമാണ്. അതായത് നിങ്ങള്‍ ഗൂഗിളില്‍ പോണ്‍ സേര്‍ച് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ പിന്നെ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളിലും പോണ്‍ പരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങും. മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഒരു വെബ്‌സൈറ്റ് തുറക്കുമ്പോള്‍ അതില്‍ പോണ്‍ കണ്ടാല്‍ വിവരമുള്ള കൂട്ടുകാരാണെങ്കില്‍ ചിലപ്പോള്‍ ഇത് തിരിച്ചറിഞ്ഞ് നിങ്ങളെ നാണം കെടുത്തിയെന്നിരിക്കും. നിങ്ങളുടെ സേര്‍ച് ഹിസ്റ്ററിയെ കേന്ദ്രീകരിച്ചാണ് ഗൂഗിള്‍ പരസ്യങ്ങള്‍ കാണിക്കുന്നത്.

∙ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍

ഓണ്‍ലൈനിലെ ഏറ്റവും വലിയ ചതിക്കുഴികളിലൊന്ന് ഇതാണെന്നാണ് പറയുന്നത്. ഒരു കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിളില്‍ തിരയുമ്പോള്‍ നിരവധി തട്ടിപ്പു നമ്പറുകള്‍ ലഭിക്കും. അറിവില്ലാത്തയാളുകള്‍ തട്ടിപ്പിനിരയാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണത്രെ. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കണ്ടെത്തി അവിടെ കൊടുത്തിരിക്കുന്ന നമ്പര്‍ ഉപയോഗിച്ചു വിളിക്കുക.

∙ ആപ്പുകളും സോഫ്റ്റ്‌വെയറും ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിളില്‍ സേര്‍ച് ചെയ്യരുത്

ആപ്പുകള്‍ എല്ലായിപ്പോഴും ആപ്പിള്‍ ആപ് സ്റ്റോറിലോ, ഗൂഗിള്‍ പ്ലേ സ്റ്റോറിലോ നേരിട്ടു സേര്‍ച് ചെയ്യുക. ഗൂഗിള്‍ കൊണ്ടുവരുന്ന ലിങ്കുകളില്‍ വ്യാജ ആപ്പുകള്‍ കിട്ടാം. അങ്ങനെ വ്യാജ ആപ്പോ, എന്തിന് മാള്‍വെയറോ പോലും നങ്ങളുടെ ഉപകരണത്തില്‍ വാസം തുടങ്ങിയേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

∙ മരുന്നും രോഗലക്ഷണങ്ങളും സേര്‍ച് ചെയ്യരുത്

ഡോക്ടറെ കാണാതെ രോഗവിവരം ഗൂഗിളില്‍ സേര്‍ച് ചെയ്ത് എന്തു മരുന്നാണ് വേണ്ടതെന്നു കണ്ടുപിടിച്ച് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം അനുദിനം കൂടുകയാണത്രെ. ഡോക്ടറെ കാണാതെ ഗൂഗിള്‍ സന്ദര്‍ശനത്തിലൂടെ മരുന്നു വാങ്ങുന്ന പരിപാടി അപകടകരമാണ് എന്നാണ് മുന്നറിയിപ്പ്.

∙ ഭാരം കുറയ്ക്കാനുള്ള വഴിയും അന്വേഷിക്കണ്ടെന്ന്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രോഗത്തെക്കുറിച്ചു മാത്രമല്ല, ഭാരക്കുറവുള്ളവരും ഭാരക്കൂടുതലുള്ളവരും ഗൂഗിളില്‍ നോക്കി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കരുതെന്നാണ് മറ്റൊരു ഉപദേശം. ആദ്യം ഒരു ഡോക്ടറെ തന്നെ കാണണം. ഓരോ മനുഷ്യ ശരീരവും സവിശേഷതയുള്ളതാണ്. എല്ലാ മരുന്നും എല്ലാവര്‍ക്കും യോജിച്ചതല്ല.

∙ സാമ്പത്തിക കാര്യങ്ങളിലും അന്വേഷണം വേണ്ട

ആരോഗ്യത്തെ പോലെ തന്നെ, സ്വന്തം സാമ്പത്തിക കാര്യങ്ങളും ഗൂഗിളില്‍ അന്വേഷിച്ച് തീരുമാനത്തിലെത്തേണ്ടന്നാണ് വിദഗ്ധാഭിപ്രായം. എല്ലാവര്‍ക്കും യോജിച്ച ഒരു നിക്ഷേപ പദ്ധതിയൊന്നുമില്ല. ഇതിനാല്‍ ഗൂഗിളിന്റെ അഭിപ്രായം ചോദിക്കുന്നത് വേണ്ടന്നുവയ്ക്കുന്നതായിരിക്കും ഉചിതമത്രെ.

∙ സർക്കാർ വെബ്‌സൈറ്റുകളും അന്വേഷിക്കരുതെന്ന്

ബാങ്കിങ് വെബ്‌സൈറ്റുകളെപ്പോലെ തന്നെ സ്‌കാമര്‍മാര്‍ വലവിരിച്ചിരിക്കുന്ന മേഖലയാണ് സർക്കാർ സേവനങ്ങളും. ആശുപത്രികള്‍, മുനിസിപ്പാലിറ്റി കരം, തുടങ്ങിയവയാണ് സ്‌കാമര്‍മാര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. അതിനാല്‍ ഇത്തരം വെബ്‌സൈറ്റുകളുടെ പേരുകള്‍ നേരിട്ട് ബ്രൗസറില്‍ടൈപ് ചെയ്യണമെന്നാണ് ഉപദേശം.

∙ സമൂഹ മാധ്യമ ലോഗ്-ഇന്‍

ഫെയ്‌സ്ബുക് പോലെയുളള സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരും ഗൂഗിളില്‍ സേര്‍ച്ചു ചെയ്യുന്നതു കാണാമെന്നു പറയുന്നു. ഇതും ഫിഷിങ് ക്ഷണിച്ചുവരുത്താമത്രെ.

∙ ഇകൊമേഴ്‌സ് സൈറ്റുകള്‍

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നൊക്കെ സേര്‍ച്ചു ചെയ്യുമ്പോള്‍ റിസള്‍ട്ടിനു താഴെയായി നല്ല ഓഫര്‍ എന്നൊക്കെ പറഞ്ഞ് പരസ്യങ്ങള്‍ കാണും. ഇതില്‍ പലരും മയങ്ങി വീണ് പ്രശ്‌നത്തിലായിട്ടുണ്ടത്രെ.

∙ ആന്റി വൈറസ് ആപ്പുകള്‍

ആന്റി വൈറസ് സേര്‍ച്ചു ചെയ്താലും അറിയില്ലാത്തവര്‍ വ്യാജ ലിങ്കുകളില്‍ ക്ലിക്കു ചെയ്‌തേക്കാമെന്നാണ് വാദം.