തൃശൂർ ∙ കാപ്പ ചുമത്തി നാടുകടത്തിയ പൊലീസിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ വെല്ലുവിളിച്ച് ഗുണ്ടാത്തലവൻ പല്ലൻ ഷൈജു. മുനമ്പത്തു കടലിലൂടെ ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളാണു ലൈവിലൂടെ ഷൈജുവും സംഘവും പുറത്തുവിട്ടത്. താനിപ്പോൾ തൃശൂർ ജില്ലയ്ക്കു പുറത്താണെന്നും ജില്ലാ അതിർത്തിയിലെ പാലം കടന്നാൽ പിന്നെ ആരുടെയും അപ്പന്റെ വകയല്ലല്ലോ എന്നും ഷൈജു വെല്ലുവിളിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. മദ്യപിച്ച ശേഷം ഗ്ലാസ് ഉയർത്തിപ്പിടിച്ചുകൊണ്ട് ‘ഇതുകണ്ടു മനംതകർന്നു കെട്ടിത്തൂങ്ങി ച‍ാകരുത്’ എന്നു പൊട്ടിച്ചിരിച്ചുകൊണ്ടു ഷൈജു പറയുന്നു.

കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കുറ്റകൃത്യങ്ങൾ നടത്തിയ കൊടകര പന്തല്ലൂർ മച്ചിങ്ങൽ ഷൈജ‍ുവിനെ (43) ഒരാഴ്ച മുൻപാണു തൃശൂർ റൂറൽ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്കു ലംഘിച്ചു ജില്ലയിൽ പ്രവേശിച്ചാൽ വിചാരണ കൂടാതെ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തൃശൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്ന ഷൈജു, പിന്നീടു കുഴൽപ്പണം തട്ടിപ്പ് സംഘത്തിന്റെ നേതാവായി മാറിയിരുന്നു.

വിഡിയോ ദൃശ്യങ്ങളിലെ ഷൈജുവിന്റെ സംഭാഷണങ്ങളിങ്ങനെ:

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘‘ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്സ് ബ്രോ..

(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകർന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയിൽ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലൻ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാൻ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. വേണമെങ്കിൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്തു ദുബായിലേക്കു വരെ ഞാൻ പോകും..’’