എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പുഞ്ചിരിയോടെ വരവേൽക്കാൻ ഇനി കണ്ണൂർ സ്വദേശിനി ഗോപിക ഗോവിന്ദും. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നുളള ആദ്യ എയർഹോസ്റ്റസായി ഗോപിക പറയുന്നരുമ്പോൾ ഒപ്പമുണ്ടാവുക ഒരു നാടിന്റെ സ്വപ്നം കൂടിയാണ്. സ്കൂൾ പഠനകാലത്ത് മനസിലേറ്റിയ സ്വപ്നത്തിലേക്ക് പറന്നടുക്കാൻ ഗോപികക്ക് ഇനി മുംബെെയിലെ എയർ ഇന്ത്യയിൽ ഒരു മാസത്തെ പരിശീലനം കൂടി പൂർത്തിയാക്കിയാൽ മതി.

കണ്ണൂർ ആലക്കോട് സ്വദേശിനിയാണ് ഗോപിക ഗോവിന്ദ്. കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ബിജിയുടെയും മകൾ. ആലക്കോട്ടെ കണിയഞ്ചാൽ ഗവ. ഹൈസ്കൂളിൽ എട്ടിൽ പഠിക്കുമ്പോൾ ഗോപിക മനസിലേറ്റിയ സ്പനമാണ് ഈ ജോലി. പട്ടികവർഗ വിഭാഗക്കാർക്ക്‌ അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ്‌ കോഴ്‌സ്‌ പഠിക്കാനുള്ള എൽഡിഎഫ്‌ സർക്കാരിന്റെ സഹായത്തോടെയാണ് ഗോപിക തന്റെ സ്വപ്നത്തിലേക്ക് പറന്നുയർന്നത്. വയനാട്ടിലെ ഡ്രീംസ്‌കൈ ഏവിയേഷൻ ട്രെയിനിങ്‌ അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്‌സ്‌ പൂർത്തിയാകും മുമ്പേയാണ്‌ ജോലി ലഭിച്ചത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വപ്‌നം സാക്ഷാത്‌കരിച്ച സർക്കാരിനോട് സന്തോഷം പങ്കുവെക്കാൻ ഗോപിക ചൊവ്വാഴ്‌ച നിയമസഭയിലെത്തി. താനുൾപ്പെടെയുള്ള പിന്നാക്ക വിഭാഗക്കാർക്ക്‌ കോഴ്സിന്റെ ഉയർന്ന ഫീസും മറ്റ്‌ ചെലവുകളുമുൾപ്പെടെ താങ്ങാനായത് സർക്കാരിന്റെ സഹായം കൊണ്ടുമാത്രമാണെന്ന് ഗോപിക പറഞ്ഞു. ഒരുലക്ഷം രൂപയോളമുള്ള ഫീസും സ്റ്റൈപെൻഡും താമസസൗകര്യവുമെല്ലാം സർക്കാർ ഒരുക്കിത്തന്നു. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിൽ വിദഗ്‌ധ പരിശീലനവും നൽകിയതായും ഗോപിക പറഞ്ഞു.

സർക്കാർ സഹായത്തോടെ എയർലൈൻ ആൻഡ്‌ എയർപോർട്ട്‌ മാനേജ്‌മെന്റ്‌ കോഴ്‌സ്‌ പഠിക്കുന്ന വിദ്യാർത്ഥികൾ ചൊവ്വാഴ്ച നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്‌, മന്ത്രി കെ രാധാകൃഷ്‌ണൻ എന്നിവരെ കണ്ടു. വിവിധ ജില്ലക്കാരായ 60 വിദ്യാർഥികളാണ് നിയമസഭ സന്ദർശിച്ചത്. പട്ടികവർഗ വികസന വകുപ്പിന്റെ സ്കോളർഷിപ്പോടെ 160 പേരാണ്‌ കോഴ്സിലുള്ളത്‌. ആറ്‌ മാസ കോഴ്‌സ്‌ പഠിച്ചിറങ്ങിയ 93 പേർക്കും ഒരു വർഷ കോഴ്‌സ്‌ കഴിഞ്ഞ 11 പേർക്കും വിവിധ എയർലൈനുകളിൽ ജോലി ലഭിച്ചു. മുൻവർഷം പട്ടികജാതി വിഭാഗക്കാരായ 28 കുട്ടികൾക്കും ജോലി ലഭിച്ചിരുന്നു.