യു.പിയിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ വന്‍ദുരന്തത്തിന് വഴിവെച്ചത് ഓക്‌സിജന്‍ വിതരണത്തിലെ അപാകതയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും അനസ്‌തേഷ്യ വിഭാഗം തലവനും വീഴ്ച സംഭവിച്ചതായും ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്തേലയുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം അവതാളത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അനാസ്ഥക്ക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും അനസ്‌തേഷ്യ വിഭാഗം മേധാവിയും കുറ്റക്കാരാണെന്ന് ജില്ലാ മജിസട്രേറ്റ് രാജീവ് റൗത്തോല സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിന് വിതരണക്കാരായ പുഷ്പ് ഡീലേഴ്‌സും ഉത്തരവാദികളാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും ജില്ലാ മജിസ്‌ട്രേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഉത്തർപ്രദേശിലെ ഗോരഖ്‌പുരിലുള്ള ബാബ രാഘവ്ദാസ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മസ്തിഷ്ക ജ്വരം ബാധിച്ച് അ‍ഞ്ചു കുഞ്ഞുങ്ങൾകൂടി മരിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അസുഖം ബാധിച്ച 14 കുട്ടികളെക്കൂടി ആശുപത്രിയി‍ൽ പ്രവേശിപ്പിച്ചു. 64 പേർ നിലവിൽ ആശുപത്രിയിൽ ചികിൽസയിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ജനുവരി ഒന്നിനു ശേഷം മസ്തിഷ്കജ്വരം ബാധിച്ച് ഇവിടെ 144 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഓക്സിജൻ കിട്ടാതെവന്നതാണു കുട്ടികളുടെ കൂട്ടമരണത്തിനു വഴിയൊരുക്കിയതെന്ന വാർത്തകളോടു പ്രതികരിച്ച യുപി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്, സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെ ഓക്സിജൻ ലഭ്യതയെക്കുറിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കി.

ഓക്‌സിജൻ വിതരണം ചെയ്‌തിരുന്ന കമ്പനിക്കു കുടിശിക തുക നൽകുന്നതിൽ വീഴ്‌ച വരുത്തിയതിന് ആശുപത്രി പ്രിൻസിപ്പലിനെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു. കുടിശിക തുക നൽകാത്തതിനാൽ കമ്പനി ഓക്‌സിജൻ വിതരണം അവസാനിപ്പിച്ചതാണു കുട്ടികളുടെ കൂട്ടമരണത്തിനു കാരണമായതെന്നാണ് ആരോപണം.