സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായി മാറിക്കഴിഞ്ഞു. രണ്ടര ആഴ്ച മുമ്പ് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ബ്രിട്ടനിൽ തുടർന്നുവരികയാണ്. എന്നാൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ ചൂട് കൂടുന്നതിനാൽ ആളുകൾ സർക്കാരിന്റെ കൊറോണ വൈറസ് നിയമങ്ങൾ പാലിക്കുകയും ഈസ്റ്റർ വാരാന്ത്യത്തിൽ വീട്ടിൽ തന്നെ തുടരുകയും വേണമെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 25° സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചില പോലീസ് സേനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘിക്കുവർക്ക് പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ റോഡുകളിൽ പട്രോളിംഗ് നടത്തുമെന്ന് ഡെവൺ ആന്റ് കോൺ‌വാൾ പോലീസിന്റെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ അറിയിച്ചു. ലോക്ക്ഡൗൺ നടപ്പാക്കുന്നതിനായി പോലീസിന് സർക്കാറിന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അഭാവത്തിൽ ലോക്ക്ഡൗൺ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അടിയന്തര കോബ്ര കമ്മിറ്റിയുടെ വെർച്വൽ മീറ്റിംഗിൽ ഡൊമിനിക് റാബ് അദ്ധ്യക്ഷനാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ വെയിൽസിൽ, ലോക്ക്ഡൗൺ നിയമങ്ങൾ ഇതിനകം തന്നെ നീട്ടിയിട്ടുണ്ട്. അതേസമയം ലോക്ക്ഡൗൺ ഇനിയും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നടക്കാൻ സാധ്യതയുണ്ടെന്നു സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം 881 പേർ മരിച്ചു. സ്കോട് ലാൻഡിൽ 81 മരണങ്ങൾ ഉണ്ടായി. ഇതോടെ ബ്രിട്ടനിലെ ആകെ മരണസംഖ്യ 7,978 ആയി ഉയർന്നു. ഇന്നലെ 4,344 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ആകെ രോഗബാധിതർ 65,077 ആയി ഉയർന്നു. ഈയടുത്ത ദിവസങ്ങളിൽ മരണമടഞ്ഞവരിൽ സ്വിൻഡോണിലെ ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിലെ ഡോക്ടർ എഡ്മണ്ട് അഡെഡെജിയും (62) ഉൾപ്പെടുന്നു. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ തീവ്രപരിചരണത്തിൽ ചികിത്സ തുടരുന്ന ബോറിസ് ജോൺസന്റെ നില മെച്ചപ്പെടുന്നതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

ബുധനാഴ്ച 15ഓളം പേർ ല്യൂട്ടനിലെ ഒരു കെയർ ഹോമിൽ വെച്ച് രോഗബാധിതരായി മരണപ്പെട്ടിരുന്നു. കെയർ ഹോമുകളിൽ കൊറോണ വൈറസ് പടരുന്നത് തടയാൻ കൂടുതൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അൽഷിമേഴ്‌സ് സൊസൈറ്റി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കിന് കത്തെഴുതി. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ച 101 കാരനെ വോർസെസ്റ്റർഷയറിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്ന വാർത്ത ആശ്വാസം പകരുന്നതാണ്. ആഗോളതലത്തിൽ ഇതുവരെ 95,735 മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു. ഒപ്പം ആകെ കേസുകളുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു.