ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിൽ മലയാളിയെ കൊലപെടുത്തിയ കേസിൽ പ്രതിയായ പതിനാറുകാരനെ ജാമ്യത്തിൽ വിട്ട പോലീസ് നടപടിക്കെതിരെ മകൾ രംഗത്ത്. 2023 മാർച്ച് 19 ന് പുലർച്ചെ ലണ്ടനിൽ വച്ച് സൗത്ത്ഹാളിൽ നിന്നുള്ള ജെറാൾഡ് നെറ്റോ (62) പിന്നിൽ നിന്ന അജ്ഞാതരുടെ ഗുരുതരമായ ആക്രമണത്തിന് വിധേയനായി മരണപ്പെടുകയായിരുന്നു. ജെറാൾഡിന്റെ ശവസംസ്‍കാരം കഴിയുന്നതിനു മുൻപ് തന്നെ പ്രതിയെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. നിലവിലെ നിയമത്തിന്റെ പഴുതാണ് പ്രതിയായ യുവാവിന് രക്ഷപെടാൻ അവസരമായത്. നിയമം പരിഷ്കരിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെടുന്നു.

നടന്ന് പോവുകയായിരുന്ന ജെറാൾഡിനെ പിന്നിൽ നിന്ന് പതിനാറുകാരൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. അവശനിലയിൽ കണ്ടെത്തിയ ജെറാൾഡിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലൈഫ് സപ്പോർട്ടിങ് മെഷീനുകളും ജെറാൾഡിനെ കയ്യൊഴിഞ്ഞു. പ്രതിയായ പതിനാറുകാരനെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യത്തിൽ വിട്ടയച്ചതെന്നും, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കളെ നിയമം രക്ഷിക്കാൻ ശ്രമിക്കുന്ന പ്രവണത പുന പരിശോധിക്കണമെന്നും ജെറാൾഡിന്റെ മകൾ ജെന്നിഫർ നെറ്റോ ആവശ്യപ്പെടുന്നു.

‘എന്റെ പിതാവിന് ജീവൻ നഷ്ടപ്പെട്ടെങ്കിലും കുറ്റവാളിയെ വെറുതെ വിട്ടിരിക്കുകയാണ്. മരണത്തിൽ കലാശിക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ കുടുംബത്തെ മാത്രമല്ല, സമൂഹത്തെയും ബാധിക്കുന്നുണ്ട് . എന്റെ പിതാവ് പലരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാവരെയും സ്നേഹിച്ചും സഹായിച്ചുമാണ് പിതാവ് കടന്ന് പോയത്. ഇങ്ങനെ ആക്രമിക്കപ്പെട്ടു ജീവിതം നഷ്ടമാകുന്ന എത്രയോ നിരപരാധികൾ ഉണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കരങ്ങൾക്ക് തക്കതായ ശിക്ഷ ലഭിക്കണം’- ജെന്നിഫറിന്റെ പരാതിയിൽ പറയുന്നു.