ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഓരോ ദിവസം ചൊല്ലുന്തോറും അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്നതാണ് ബ്രിട്ടീഷ് രാഷ്ട്രീയം. ഏറ്റവും ഒടുവിലായി ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറി. പ്രധാനമന്ത്രി ഋഷി സുനകിന് കടുത്ത പിന്തുണ നൽകിയിരുന്ന മൈക്കൽ ഗോവിൻ്റെ പിന്മാറ്റം കടുത്ത ഞെട്ടലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയായി തിരിച്ചെത്താൻ ഋഷി സുനകിനെ പിന്തുണയ്ക്കുമെന്നും എന്നാൽ പുതിയ തലമുറകൾക്കായി വഴിമാറി കൊടുക്കേണ്ട സമയമാണിതെന്നും മൈക്കൽ ഗോവ് പറഞ്ഞു. നേരത്തെതന്നെ ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പല പ്രമുഖരും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. പല പ്രമുഖരുടെയും മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം കൺസർവേറ്റീവ് പാർട്ടിക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.


70-ൽ അധികം കൺസർവേറ്റീവ് പാർട്ടി എംപിമാരാണ് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷമായ ലേബർ പാർട്ടിയിൽ നിന്ന് 2 പേരും എസ്എൻ പിയിൽ നിന്ന് 9 പേരും മത്സരിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി ഋഷി സുനക് നോർത്ത് അയർലൻഡ് സന്ദർശിച്ചു . ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമാർ സ്കോട്ട് ലൻഡിൽ പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രത്യാരോപണങ്ങളാൽ സജീവമാണ് പ്രചാരണ രംഗം. ഊർജ്ജ വിലയിലെ ഇടിവ് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രാജ്യത്തെ അരാജകത്വം നിർത്താൻ തൻറെ പാർട്ടിക്കെ സാധിക്കുകയുള്ളൂവെന്നും നിലവിൽ എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനാണ് തന്റെ പാർട്ടി മുൻതൂക്കം നൽകുകയെന്നും കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു