ലണ്ടന്‍: ജീവനക്കാരായ രക്ഷിതാക്കളുടെ കുട്ടികളെ സൗജന്യമായി പരിപാലിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പരാജയം. സാങ്കേതികപ്പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം മുതലാണ് പദ്ധതി തുടങ്ങുന്നത്. സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ ഇതനുസരിച്ച് 3-4 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 30 മണിക്കൂര്‍ പരിപാലനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഈ സംവിധാനത്തിലെ പരാജയം മൂലം നഴ്‌സറി, പ്ലേഗ്രൂപ്പ്, ചൈല്‍ഡ്‌മൈന്‍ഡര്‍, പ്രീ സ്‌കൂള്‍ എന്നിവയുടെ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. മന്ത്രിമാര്‍ ഈ പ്രശ്‌നം ഗൗരവമായി കണക്കാക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ട്രഷറി സെലക്റ്റ് കമ്മിറ്റി ഇപ്പോള്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുകയാണ്. റവന്യൂ ആന്‍ഡ് കസ്റ്റംസ് വിഭാഗം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിറ്റി അധ്യക്ഷ നിക്കി മോര്‍ഗന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വെബ്‌സൈറ്റിലെ തകരാര്‍ മൂലം രക്ഷിതാക്കള്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

എച്ച്എംആര്‍സിക്കാണ് വെബ്‌സൈറ്റിന്റെ നടത്തിപ്പ് ചുമതല. സൈറ്റ് എത്ര സമയം പ്രവര്‍ത്തിക്കാതെയിരുന്നു, പരാതികളുടെ എണ്ണം, സേവനങ്ങള്‍ ലഭിക്കാത്തവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സേവനത്തിനായി ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അഥവാ ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ മറ്റു വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ സ്വയം ലോഗ് ഔട്ട് ആകുന്നുവെന്നുമുള്ള പരാതികളാണ് ഉയരുന്നത്.