ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് – 19 മൂലമുള്ള മരണങ്ങൾ ഒന്നിനൊന്നു കൂടിവരുന്ന ഈ സമയത്ത് പഴുതുകളടച്ചുള്ള പ്രതിരോധമാണ് ആവശ്യം. ലോക് ഡൗൺ പ്രഖ്യാപിച്ചും സാമൂഹിക അകലം പാലിച്ചും രോഗം തടയാൻ ശ്രമിക്കുന്ന സമയത്താണ് എൻഎച്ച്എസിലെ ആരോഗ്യപ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കുറവുണ്ട് എന്ന ഗുരുതരമായ ആരോപണം ഉയർന്നു വരാൻ തുടങ്ങിയത്. തന്മൂലം കൊറോണ വൈറസിനെതിരെ മുന്നണിപ്പോരാളികളായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ തന്നെ കോവിഡ് -19 മൂലം മരണപ്പെടുന്ന ഗുരുതര സ്ഥിതിവിശേഷമാണ് ഉടലെടുത്തിരിക്കുന്നത്. ഇതുവരെ കൊറോണ വൈറസ് മൂലം 27 എൻഎച്ച് എസ് ജീവനക്കാരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ വിരമിച്ചിട്ടും എൻഎച്ച് എസിനു വേണ്ടി വർക്ക് ചെയ്യുന്ന കോവിഡ് -19 മൂലം മരണപ്പെട്ട ജീവനക്കാരുടെ കണക്കുകൾ കൂടി എടുക്കുമ്പോൾ മരണസംഖ്യ ഇതിലും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായി ജോലി ചെയ്യാൻ ആവശ്യമായ പി പി ഇ ലഭ്യമല്ലെങ്കിൽ ബഹിഷ്കരണമുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് എൻഎച്ച് എസ് സ്റ്റാഫ് യൂണിയനുകളും മറ്റും നിലപാടെടുത്തത്. വൈറസിൽ നിന്ന് സംരക്ഷിതരല്ലെന്ന് തോന്നിയാൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ യൂണിയൻ നിർദ്ദേശം നൽകിയതായി അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഗെയിൽ കാർട്ട് മെയിൽ പറഞ്ഞു.
ഈ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ തലത്തിൽ പ്രവർത്തനങ്ങൾ മുന്നേറുന്നുണ്ട്. നാലുലക്ഷം ഗൗൺ തുർക്കിയിൽ നിന്ന് ഇന്ന് എത്തുമെന്ന് കരുതപ്പെടുന്നു. ഇതിനിടയിൽ കൃത്യമായ ഫലം ലഭിക്കാത്ത 2000000 ഹോം ടെസ്റ്റ് കിറ്റുകൾ ചൈനീസ് കമ്പനികളിൽ നിന്ന് ബ്രിട്ടൻ വാങ്ങിയത് വൻപ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. പി പി ഇ യുടെ അഭാവത്തിൽ ഡിസ്പോസിബിൾ പി പി ഇ കൾ അണുവിമുക്തമാക്കി ഉപയോഗിക്കാനുള്ള നിർദ്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു . തങ്ങളുടെ ജീവൻ അപകടത്തിലാകുന്ന ഇത്തരം നിർദ്ദേശങ്ങൾ ആരോഗ്യപ്രവർത്തകരിൽ വൻ അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദിനംപ്രതി രോഗികളുടെ എണ്ണം കൂടുന്നതിനാൽ കൂരുതൽ നടപടിയായി മാത്രമേ പിപി ഇ യുടെ പുനരുപയോഗത്തെ കുറിച്ച് ചിന്തിച്ചിട്ടുള്ളു എന്നാണ് ഗവൺമെന്റ് ഭാക്ഷ്യം.
Leave a Reply