ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- എനർജി റെഗുലേറ്ററായ ഓഫ്ജെമിന്റെ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ ഈ ശൈത്യ കാലത്തും ഊർജ്ജ നിരക്കുകൾ ക്രമാതീതമായി കുതിച്ചുയർന്നിരിക്കുകയാണ്. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം ബ്രിട്ടനിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, വൈദ്യുതിയുടെ ഉയർന്ന ഡിമാൻഡും, കുറഞ്ഞ കാറ്റിന്റെ വേഗതയും കൂടിച്ചേർന്നപ്പോൾ വീണ്ടും വൈദ്യുതി ഉത്പാദനത്തിന് ഗ്യാസ് പവർ പ്ലാന്റുകളെ ആശ്രയിക്കേണ്ടതായി വന്നതാണ് ബില്ലുകൾ വർധിക്കുന്നതിനുള്ള ഒരു കാരണം. മരവിപ്പിക്കുന്ന തണുപ്പും കാറ്റില്ലാത്ത അവസ്ഥയും ഊർജ്ജ നിരക്കുകൾ കൂടുതൽ വർദ്ധിപ്പിക്കുമെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവെക്കുന്നത്. എന്നാൽ ഇതേസമയം സാഹചര്യങ്ങളെ മുതലെടുക്കുന്ന പ്രവർത്തനമാണ് ഗ്യാസ് പവർ പ്ലാന്റുകളും നടത്തുന്നത്. സാധാരണ മാർക്കറ്റ് വിലയെക്കാൾ 100 മടങ്ങ് ഇരട്ടിയാണ് ഇപ്പോൾ ഗ്യാസ് പവർ പ്ലാന്റുകൾ വൈദ്യുതി നൽകുന്നതിനായി ഈടാക്കുന്നത്. നോർത്ത് വെയിൽസിലെ കൊന്നാസ് ക്വേ ഗ്യാസ് പ്ലാൻ്റ് ഗ്രിഡ് ഓപ്പറേറ്ററുടെ ബാലൻസിംഗ് പേയ്‌മെൻ്റുകളിൽ നിന്ന് ബുധനാഴ്ച 10.3 മില്യൺ ഡോളർ വരുമാനം നേടിയെന്നത് ഇതിന് തെളിവാണ്.
പുതുതായി ദേശീയ വത്കരിക്കപ്പെട്ട നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) വൈദ്യുതി വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ ജനറേറ്ററുകൾക്ക് പേയ്‌മെൻ്റുകൾ നൽകിയാണ് നടപ്പിലാക്കുന്നത്. ഇത്തരത്തിൽ അപകടാവസ്ഥകൾ വരുമ്പോൾ അത് മുതലെടുക്കുന്ന പ്രവണത ഗ്യാസ് പവർ പ്ലാന്റുകൾക്ക് ഉണ്ടെന്ന ശക്തമായ വിമർശനവും ഇതിനിടെ ഉയരുന്നുണ്ട്. 2030 ആകുമ്പോഴേക്കും യുകെയിലെ വൈദ്യുതി സംവിധാനം 95% കുറഞ്ഞ കാർബൺ പവർ സ്രോതസ്സുകളിൽ പ്രവർത്തിക്കുമെന്ന തീരുമാനമാണ് ലേബർ പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇത്തരം ഒരു തീരുമാനം നിലനിൽക്കുമ്പോഴും സാധാരണക്കാർക്ക് മേൽ വരുന്ന ഉയർന്ന ബില്ലുകൾ ആശങ്ക തന്നെയാണ് ബ്രിട്ടനിൽ ഉളവാക്കിയിരിക്കുന്നത്.
Leave a Reply