ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രിയായാൽ എൻ എച്ച് എസ് പ്രതിസന്ധി പരിഹരിക്കുമെന്ന ഉറപ്പുമായി ഋഷി സുനക്. ടോറി നേതൃപോരാട്ടത്തില്‍ ഇപ്പോള്‍ മുന്‍തൂക്കം ലിസ് ട്രസിനാണെന്ന് സർവേകൾ പറയുന്നെങ്കിലും താൻ ഒട്ടും പുറകിലല്ലെന്ന് തെളിയിക്കുകയാണ് ഋഷി. ഇംഗ്ലണ്ടിൽ 66 ലക്ഷത്തിലധികം പേർ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുന്നുണ്ട്. 2024 സെപ്റ്റംബറോടെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കുമെന്ന് ഋഷി അറിയിച്ചു. മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ ജന്മനാടായ ഗ്രന്ഥാമിൽ നടത്തിയ പ്രചാരണ പ്രസംഗത്തിൽ, എൻഎച്ച്എസ് ബാക്ക്‌ലോഗ് കൈകാര്യം ചെയ്യുന്നത് ഏറ്റവും പ്രധാനമാണെന്ന് സുനക് വ്യക്തമാക്കി.

രാജ്യത്ത് ഒഴിഞ്ഞ് കിടക്കുന്ന 58,000 ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് ഹബ്ബുകളായി മാറ്റും. ഇവിടെ എംആര്‍ഐ, സിടി സ്‌കാനുകൾ നടത്താം. കൂടാതെ വാതില്‍പ്പടിക്കല്‍ സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നാണ് സുനകിന്റെ വാഗ്ദാനം. വ്യത്യസ്‌തമായ ഒരു സമീപനം ഇല്ലെങ്കിൽ, എൻ‌എച്ച്‌എസ് തകരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

എന്‍എച്ച്എസ് ബെഡുകൾ ഒഴിച്ച് കിടത്താനായി ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന രോഗികളെ വിര്‍ച്വലായി നിരീക്ഷിക്കും. രാജ്യം നേരിടുന്ന അഞ്ച് അടിയന്തര പ്രശ്നങ്ങളിൽ എൻ എച്ച് എസ് വെയ്റ്റിംഗ് ലിസ്റ്റ് നേരിട്ട് കുറയ്ക്കുന്നതാണ് പ്രധാനമെന്ന് സുനക് വ്യക്തമാക്കുന്നു. അതേസമയം, ലിസ് ട്രസിന്റെ നികുതി വെട്ടിച്ചുരുക്കല്‍ പദ്ധതികളെയും സുനക് വിമർശിച്ചു.