കൊച്ചി: ശബരിമലയിലെ സുരക്ഷാകാര്യങ്ങളില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാറില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാര്യത്തില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഇടപെടല്‍. ആചാരപരമോ മതപരമോ ആയ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും സത്യവാങ്മൂലം പറയുന്നു.
ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലം പറയുന്നു.
നാനാ ജാതി മതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമല. അതാണ് ശബരിമലയുടെ പാരമ്പര്യം. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
Leave a Reply