ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കി. സൂപ്പർമാർക്കറ്റുകൾ, ഇൻഡോർ ഷോപ്പിംഗ് സെന്ററുകൾ, ട്രാൻസ്പോർട്ട് ഹബുകൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ എന്നിവയുൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ ഇനി മുതൽ ഫേസ് മാസ്ക് നിർബന്ധമാണ്. ഭക്ഷണവും പാനീയവും വാങ്ങുമ്പോഴും അവ ധരിച്ചിരിക്കണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കും. 11 വയസ്സിന് താഴെയുള്ള കുട്ടികൾ, ശ്വസന ബുദ്ധിമുട്ടുള്ളവർ എന്നിവർക്ക് മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും സർക്കാർ വ്യക്തമാക്കി. എന്നിരുന്നാലും നിയമങ്ങൾ പാലിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാൻ പോലീസിന് അധികാരമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മാർഗനിർദേശം പരിഷ്കരിക്കുന്നതിൽ സർക്കാർ വൈകിപ്പോയെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു. ചില സാഹചര്യങ്ങളിൽ മാത്രം മാസ്ക് നീക്കംചെയ്യാൻ പൊതുജനങ്ങൾക്ക് അനുവാദമുണ്ട്. ഉദാഹരണത്തിന് ബാങ്കുകളിലെ തിരിച്ചറിയൽ ആവശ്യങ്ങൾക്കായി അവർ ആവശ്യപ്പെടുമ്പോൾ മാത്രം. കടകളിൽ ജോലി ചെയ്യുന്നവർ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ലെങ്കിലും തൊഴിലുടമകൾക്ക് ഈ കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് -19 ൽ നിന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച മറ്റ് ഇടങ്ങളിൽ മുഖം മൂടുന്നത് നിർബന്ധമാക്കിയിട്ടില്ല. ഈറ്റ് ഇൻ റസ്റ്റോറന്റുകൾ, പബ്ബുകൾ, ഹെയർഡ്രസ്സറുകൾ, ജിമ്മുകൾ, തിയേറ്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജൂലൈ 10 മുതൽ സ് കോട്ട്ലൻഡിലെ കടകളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.
മുഖം മറയ്ക്കുന്നതിനുള്ള ഉപദേശങ്ങൾ പോസ്റ്ററുകളിലൂടെയും മറ്റും പൊതുജനങ്ങളെ ഉത്‌ബോധിപ്പിക്കാൻ കടയുടമകളെ ഉപദേശിക്കുകയാണെന്ന് അസോസിയേഷൻ ഓഫ് കൺവീനിയൻസ് സ്റ്റോറുകളുടെ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് ലോമാൻ പറഞ്ഞു. ഇംഗ്ലണ്ടിലെയും സ് കോട്ട്‌ലൻഡിലെയും പൊതു ഗതാഗതത്തിലും വടക്കൻ അയർലണ്ടിലെ ബസുകൾ, ട്രെയിനുകൾ, ബോട്ടുകൾ എന്നിവയിലും മാസ്ക് നിർബന്ധമാണ്. ജൂലൈ 27 മുതൽ വെയിൽസിലെ പൊതുഗതാഗതത്തിലും അവ നിർബന്ധമായിരിക്കും.
Leave a Reply