ന്യൂസ് ഡെസ്ക് മലയാളം യുകെ

കുത്തനെ ഇടിഞ്ഞ് ജിസിഎസ്‌സി പരീക്ഷകളിലെ മാത്‍സിൻെറ വിജയ നിരക്ക്. നവംബറിലെ പരീക്ഷാ ഫലങ്ങൾ അനുസരിച്ച് മാത്‍സ് പരീക്ഷ എഴുതിയവരിൽ 22.9% കുട്ടികൾക്കാണ് ഗ്രേഡ് 4 അതായത് സ്റ്റാൻഡേർഡ് പാസ് മാർക്ക് ലഭിച്ചത്. 2022-ൽ ഈ കണക്കുകൾ 24.9 ശതമാനവും 2019-ൽ ഇത് 26.9 ശതമാനവും ആയിരുന്നു. അതേസമയം ജിസിഎസ്‌സി ഇംഗ്ലീഷ് റീസിറ്റുകളുടെ വിജയ നിരക്ക് യഥാക്രമം 38 ശതമാനത്തിൽ നിന്ന് 40.3 % ആയി ഉയർന്നു . ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് 18 വയസ്സിന് താഴെയുള്ളവർ ജിസിഎസ്‌സി ഇംഗ്ലീഷും ഗണിതവും കുറഞ്ഞത് ഗ്രേഡ് 4 എങ്കിലും നേടിയില്ലെങ്കിൽ ഇവ വീണ്ടും പഠിക്കണം.

ജിസിഎസ്‌സി പരീക്ഷകളിലെ വിജയ നിരക്ക് കഴിഞ്ഞ വേനൽക്കാലത്ത് കുത്തനെ ഇടിഞ്ഞിരുന്നു. നവംബറിൽ നിർബന്ധിത ജിസിഎസ്ഇ റീസിറ്റുകൾ എടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഉയരുന്നതിനാൽ കൂടുതൽ പരീക്ഷാ ഹാളുകൾ വേണ്ടതായി വരുമെന്ന് കോളേജുകൾ അറിയിച്ചിരുന്നു.

2020-ലും 2021-ലും പകർച്ചവ്യാധിയെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഈ കാലയളവിൽ വിദ്യാർഥികൾക്ക് ലഭിച്ച ഗ്രേഡുകൾ അധ്യാപകരുടെ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇത് മികച്ച ഫലങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാക്കിയത്. എന്നാൽ കഴിഞ്ഞ വേനൽക്കാലത്ത് ഇംഗ്ലണ്ടിലെ ഗ്രേഡുകൾ 2019 ലെ നിലയിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് ഇംഗ്ലണ്ടിലെ 167,000-ത്തിലധികം വിദ്യാർത്ഥികൾക്ക് അവരുടെ മാത്‍സ് പേപ്പറിൽ ഗ്രേഡ് 3 അല്ലെങ്കിൽ അതിൽ താഴെയാണ് ലഭിച്ചത്. ഇംഗ്ലീഷ് പേപ്പറിൽ 172,000 വിദ്യാർഥികൾ പരാജയപ്പെട്ടു. അതേസമയം പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസിന്റെ വിശകലനം അനുസരിച്ച് പരീക്ഷ എഴുതുന്ന 16-ഉം 17-ഉം വയസ്സുള്ളവരുടെ എണ്ണത്തിൽ 17% വർധനവാണ് ഉണ്ടായിരിക്കുന്നത്. മാത്‍സ് പേപ്പറിൻെറ വിജയശതമാനം കുറഞ്ഞെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർത്ഥികൾ നവംബറിൽ പരീക്ഷ എഴുതിയതിനാൽ മാത്‍സിലും ഇംഗ്ലീഷിലും വിജയിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.