ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ആരംഭിച്ച കാലംമുതൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേരളാ ഗവൺമെൻറ് എടുത്തുമാറ്റി. ഇനിമുതൽ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമേ ക്വാറന്റീൻ ആവശ്യമുള്ളൂ. വിദേശത്തു നിന്നും വരുന്നവർക്ക് ഏർപ്പെടുത്തിയ ഒറ്റപ്പെടൽ നിയന്ത്രണങ്ങൾ മൂലം അവധിയുടെ ഭൂരിഭാഗവും വീടുകളിൽ തന്നെ ചെലവഴിക്കേണ്ട ഗതികേടിലായിരുന്നു പ്രവാസികൾ ഇതുവരെ. അതുപോലെതന്നെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം രാജ്യാന്തര യാത്രക്കാരെ കോവിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന സുപ്രധാന തീരുമാനം പ്രവാസികൾക്ക് വളരെ അനുഗ്രഹപ്രദമാകും . ഈ നീക്കത്തിലൂടെ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയ്ക്ക് അന്യായ നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നതിന് അറുതിയാവും . കേരളത്തിൽ വന്നിട്ട് തിരിച്ചു പോകാൻ പ്രവാസികൾ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കേണ്ട കോവിഡ് പരിശോധനാഫലത്തിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ച ദയനീയമായിരുന്നു . പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് പല ലാബുകൾക്കും യഥാസമയം റിസൾട്ട് നൽകാനാവാത്തത് പലരെയും വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു.

 

രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ബൂസ്റ്റർ വാക്‌സിനുമെടുത്ത പ്രവാസികൾ നാട്ടിൽ വരുമ്പോൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വൻ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. രാഷ്ട്രീയ സമ്മേളനങ്ങളും സമരങ്ങളും ആളു കൂടുന്ന മറ്റു പരിപാടികളും നിർവാദം നടന്നു കൊണ്ടിരുന്ന അവസരത്തിലും വിരലിലെണ്ണാവുന്ന ദിവസങ്ങൾക്ക് മാത്രം അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികളുടെ മേൽ കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നു അടിച്ചേൽപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പലരും കോവിഡ് തുടങ്ങിയതിന് ശേഷം തങ്ങളുടെ ബന്ധുമിത്രാദികളെ കാണാൻ നാട്ടിലേക്ക് വരുന്നത് വിരളമായിരുന്നു . പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടുകൂടി ഈസ്റ്റർ-വിഷു അവധി ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾ ജന്മനാട്ടിലേക്ക് സന്ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.