ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉക്രൈൻ :- ഉക്രൈൻ യുദ്ധത്തിനിടെ റഷ്യ അറസ്റ്റ് ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ഡോനെറ്റ്സ്ക് കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ട്. നോട്ടിങ്ഹാംഷെയറിൽ നിന്നുള്ള ഇരുപത്തെട്ടുകാരനായ ഐഡൻ അസ്‌ലിൻ, ബെഡ്ഫോർഡ്ഷെയറിൽ നിന്നുള്ള നാല്പത്തെട്ടുകാരനായ ഷൗൺ പിന്നർ എന്നിവരെയാണ് റഷ്യ അറസ്റ്റ് ചെയ്തതത്. ഇവർ ഉക്രൈൻ മിലിറ്ററിയുടെ ഭാഗമായിരുന്നുവെന്ന് ഇവരുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഉക്രൈനിൽ തന്നെ റഷ്യയെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലയാണ് ഡോനെറ്റ്സ്ക്. അന്താരാഷ്ട്ര അംഗീകാരമില്ലാത്ത ഇവിടുത്തെ കോടതി ഇവർക്ക് വധശിക്ഷ വിധിക്കുമോ എന്ന ഭയവും നിലവിലുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെയും കോടതിയിൽ ഹാജരാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇരുവർക്കുമെതിരെ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ട്രെയിനിങ്ങിന് വിധേയമാക്കപ്പെട്ടു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരുവർക്കും തങ്ങൾ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിന്റെ വ്യക്തമായ ചിത്രം ഇല്ല എന്നാണ് പ്രാഥമിക നിഗമനം.

2014 ലാണ് ഉക്രൈനിൽ തന്നെയുള്ള റഷ്യൻ വിമതർ ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് സ്ഥാപിക്കുന്നത്. റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ടുകൾ പ്രകാരം സ്ഥലത്തെ കോടതിയിൽ ഇരുവരെയും വിചാരണയ്ക്ക് വിധേയരാക്കും എന്നാണ് വ്യക്തമാക്കുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം ഇരുവരും ഉക്രൈൻ മിലിറ്ററി അംഗങ്ങൾ ആണെന്നും , അല്ലാതെ സ്വയമേവ യുദ്ധത്തിൽ പങ്കെടുത്തവരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2018 മുതൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും ഉക്രൈനിൽ താമസിക്കുന്നവരുമാണ്.