കൊച്ചി: ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച വിഷയത്തില്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തള്ളി. ഡിജിപിക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിഷയത്തില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് നേരത്തേ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. പ്രസ്താവന ഓഖി ദുരിതബാധിതരുടെ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ഇടയാക്കി, തീരദേശത്തെ ജനങ്ങളില്‍ സര്‍ക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമര്‍ശം, സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡിസംബര്‍ ഒന്‍പതിന് പ്രസ്‌ക്ലബില്‍ നടന്ന സംവാദത്തിലാണു ജേക്കബ് തോമസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത് കൂടാതെ ഫേസ്ബുക്കിലും കടുത്ത വിമര്‍ശനങ്ങള്‍ നടത്തി. സംസ്ഥാനത്തു നിയമവാഴ്ചയും ക്രമസമാധാനവും തകര്‍ന്നു. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനം ഭയക്കുന്നു. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അഴിമതിവിരുദ്ധരെ ഇല്ലാതാക്കുകയാണ്. 51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും.
ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണം വേണ്ടിവരുന്നത്. പരസ്യം കാണുമ്പോള്‍ ഗുണനിലവാരമില്ലെന്ന് ഓര്‍ക്കണം. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതില്‍ വീഴ്ചവരുത്തി. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം തുടങ്ങിയവയായിരുന്നു ജേക്കബ് തോമസ് ഉന്നയിച്ച ചോദ്യങ്ങള്‍.
Leave a Reply