എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കാമനാന്‍ നിയമപ്രകാരവും അതിരൂപത ചട്ടപ്രകാരവുമുള്ള കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ഭൂമി വാങ്ങിയവരെല്ലാം പണം അതിരൂപതയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ എല്ലാം നടന്നത് ബാങ്ക് വഴിയാണ്. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ ഒന്നും നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിചേര്‍ക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്ന് പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭൂമി ഇടപാടില്‍ പാപ്പച്ചന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസിന്റെ സി-ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

മറ്റൂരില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് വായ്പ എടുക്കാനുള്ള തീരുമാനവും വായ്പ തിരിച്ചടക്കാന്‍ ഭൂമി വില്‍ക്കാനുള്ള തീരമാനവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന പരാതിക്കാരന്റെ ആരോപണം തെറ്റാണെന്നും സര്‍ക്കാര്‍ പറയുന്നു. ഫൈനാന്‍സ് കൗണ്‍സില്‍ ഉള്‍പ്പെടെ സഭയുടെ മൂന്ന് ഭരണസമിതികളിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും മിനിട്‌സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.