വിദേശ ഡോക്ടര്‍മാര്‍ക്കു വേണ്ടി ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവു വരുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്‍എച്ച്എസിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ എത്തിക്കുന്നതില്‍ തടസമായി നിന്നിരുന്ന ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയാനാണ് തീരുമാനം. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവീദ് എന്നിവരുടെ പരിശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളും ഗ്രൂപ്പുകളും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇളവുകള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും.

വിദേശ തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഡോക്ടര്‍മാരുടെ കാര്യത്തിലും വിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ നിയന്ത്രണം മൂലം സ്റ്റാഫിംഗ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജിപി ട്രെയിനിംഗിന് യോഗ്യത നേടിയവര്‍ക്കു പോലും ഹോം ഓഫീസ് വിസ നിഷേധിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വര്‍ഷം നവംബറിനും ഈ വര്‍ഷം ഏപ്രിലിനുമിടയില്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ള 2300 ഡോക്ടര്‍മാര്‍ക്കാണ് ഈ വിധത്തില്‍ വിസ നിഷേധിച്ചത്. പ്രതിവര്‍ഷം യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുനിന്നുള്ള 20,700 വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്കു മാത്രമേ ടയര്‍-2 വിസ അനുവദിച്ചിരുന്നുള്ളു. ഹോം ഓഫീസ് ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം എടുത്തു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെറമി ഹണ്ടും സാജിദ് ജാവീദും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു വരികയായിരുന്നു.