ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാർലമെന്റിൽ പുതിയ നിയമ നിർമ്മാണം അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. വംശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള കുറ്റവാളികളെ ശിക്ഷിക്കുന്നതിനുള്ള സ്വതന്ത്ര മാർഗ്ഗനിർദ്ദേശങ്ങൾ മറികടക്കുന്നതിൻെറ ഭാഗമായാണ് ഈ നീക്കം. പുതിയ നിയമം മാറ്റണമെന്ന ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ അഭ്യർത്ഥന സെന്റെൻസിങ് കൗൺസിൽ നിരസിച്ചിരുന്നു. പുതിയ മാർഗനിർദ്ദേശങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച്, ന്യൂനപക്ഷ കുറ്റവാളികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലവും സാഹചര്യങ്ങളും ജഡ്ജിമാർ അവലോകനം ചെയ്യേണ്ടതായി വരും.
എന്നാൽ പലർക്കും പല നിയമം എന്ന തലത്തിലേയ്ക്ക് നീതിന്യായ വ്യവസ്ഥയെ പുതിയ മാറ്റം കൊണ്ടെത്തിക്കുമെന്ന ആരോപണം ഉയർന്നു വരുന്നുണ്ട്. ചില കുറ്റവാളികൾക്ക് പ്രത്യേക റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ മറ്റ് ചിലർക്ക് ഇത് ലഭിക്കുന്നില്ലെന്നുള്ളത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പറയുന്നു. ഈ ആഴ്ച അവതരിപ്പിക്കാനൊരുങ്ങുന്ന നിയമ നിർമ്മാണം, പാർലമെന്റിന്റെ ഇരുസഭകളിലും വേഗത്തിൽ പാസാക്കാനാണ് സാധ്യത.
ചൊവ്വാഴ്ച മുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സെന്റെൻസിങ് കൗൺസിലിന് അയച്ച കത്തിൽ, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ്, ശിക്ഷാവിധിക്ക് മുമ്പുള്ള റിപ്പോർട്ടുകളിലെ തീരുമാനങ്ങൾ നയപരമായ കാര്യമായിരിക്കണമെന്ന് വാദിച്ചു. ഇത്തരം തീരുമാനങ്ങൾ പൊതുജനങ്ങളോടും പാർലമെന്റിനോടും ഉത്തരവാദിത്തമുള്ളതായിരിക്കണം എന്ന് കൗൺസിൽ ചെയർമാനായ ലോർഡ് ജസ്റ്റിസ് വില്യം ഡേവിസിനോട് അവർ പറഞ്ഞു.
Leave a Reply