ന്യൂസ് ഡെസ്ക് , മലയാളം യുകെ

സൗത്ത് യോർക്ക്ക്ഷയർ : ശനിയാഴ്ച മുതൽ സൗത്ത് യോർക്ക്ക്ഷയറും ടയർ 3 യിൽ. ലിവർപൂൾ, ലങ്കാഷയർ, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നീ പ്രദേശങ്ങൾക്ക് ശേഷം വെരി ഹൈ അലേർട്ട് ലെവലിലേക്ക് കടക്കുന്ന പ്രദേശമാണ് സൗത്ത് യോർക്ക്ക്ഷയർ. ഇതോടെ ഇംഗ്ലണ്ടിലെ 73 ലക്ഷം ആളുകൾ കടുത്ത കോവിഡ് നിയമങ്ങൾക്കനുസൃതമായി ജീവിക്കേണ്ടി വരും. മന്ത്രിമാരുമായി വിപുലമായ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഷെഫീൽഡ് സിറ്റി മേഖല മേയർ ഡാൻ ജാർവിസ് പറഞ്ഞു. ബാർൺസ് ലി, ഡോൺകാസ്റ്റർ, റോതർഹാം, ഷെഫീൽഡ് തുടങ്ങി സൗത്ത് യോർക്ക്ക്ഷെയറിലെ എല്ലാ കൗൺസിൽ ഏരിയകൾക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ നാളെ മുതൽ ടയർ 3 യിലേക്ക് നീങ്ങും. ടയർ 3 നിയന്ത്രണം ആണെങ്കിലും സൗത്ത് യോർക്ക്ക്ഷയറിലെ ജിമ്മുകൾക്ക് തുറന്ന് പ്രവർത്തിക്കാം. അതേസമയം, വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ കോവെൻട്രി ടയർ 3 യിലേക്ക് നീങ്ങുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. ടയർ 2 നിയന്ത്രണത്തിന് കീഴിലുള്ള തൊഴിലാളികൾക്കും ബിസിനസുകൾക്കുമുള്ള പിന്തുണയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചാൻസലർ റിഷി സുനക് ഇന്ന് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കും.

ഇന്നലെ 26,688 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 191 കോവിഡ് മരണങ്ങൾ ഇന്നലെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തു. സൗത്ത് യോർക്ക്ക്ഷെയറിൽ ഒക്ടോബറിൽ ഇതുവരെ 12,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എഡ്വേർഡ് ആർഗാർ പറഞ്ഞു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേതിനേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഒക്ടോബർ 17 ന് അവസാനിച്ച ആഴ്ചയിൽ ഡോൺകാസ്റ്ററിന്റെ അണുബാധ നിരക്ക് ഒരു ലക്ഷത്തിൽ 316 കേസുകൾ എന്ന നിലയിലാണ്. റോതർഹാമിൽ 370, ഷെഫീൽഡിൽ 395, ബാർൺസ് ലിയിൽ 415 എന്നിങ്ങനെയാണ് കണക്കുകൾ. സൗത്ത് യോർക്ക്ക്ഷെയറിലെ പ്രാദേശിക നേതാക്കൾ 41 മില്യൺ പൗണ്ടിന്റെ സാമ്പത്തിക പാക്കേജിന് സമ്മതം അറിയിച്ചിട്ടുണ്ട്. അതിൽ മേഖലയിലെ ബിസിനസുകളെ പിന്തുണയ്ക്കാൻ 30 മില്യൺ പൗണ്ടും കോൺടാക്റ്റ് ട്രെയ്‌സിംഗ് പോലുള്ള പൊതുജനാരോഗ്യ നടപടികളെ പിന്തുണയ്ക്കുന്നതിന് പ്രാദേശിക അധികാരികൾക്ക് 11 മില്യൺ പൗണ്ടും ഉൾപ്പെടുന്നു.

അതേസമയം ബിസിനസുകൾക്കും പുതിയ നിയന്ത്രണങ്ങൾ ദോഷകരമായി ബാധിച്ച തൊഴിലാളികൾക്കും പിന്തുണ നൽകുന്നതിനായി ഗ്രേറ്റർ മാഞ്ചസ്റ്ററിന് വാഗ് ദാനം ചെയ്ത 60 മില്യൺ പൗണ്ട് മേഖലയിലെ ബറോകളിലേക്ക് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കുന്നതിനായാണ് ഈ ത്രിതല സംവിധാനം സർക്കാർ രൂപകൽപന ചെയ്തിട്ടുള്ളത്. ടയർ 3 യിൽ ഉള്ള ഏതൊരു പ്രദേശത്തിന്റെയും സ്ഥിതി 28 ദിവസത്തിനുശേഷം അവലോകനം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങളിൽ നിന്ന് കരകയറാനുള്ള ഏറ്റവും ലളിതമായ മാർഗം ആർ റേറ്റ് ഒന്നോ അതിൽ താഴെയോ ആയി കുറയ്ക്കുക എന്നതാണെന്ന് ബോറിസ് ജോൺസൺ എം‌പിമാരോട് പറഞ്ഞു. ആശുപത്രി പ്രവേശന നിരക്കും മറ്റ് വിവരങ്ങളും കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശൈത്യകാലത്തെ സമ്മർദ്ദം കണക്കിലെടുത്ത് 28 ദിവസത്തിനുള്ളിൽ തന്റെ പ്രദേശം ടയർ 3 യിൽ നിന്ന് പുറത്തുവരുന്നത് വലിയ വെല്ലുവിളിയാണെന്ന് ജാർവിസ് അഭിപ്രായപ്പെട്ടു.