ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 2050 ഓടെ കുറഞ്ഞത് രണ്ട് ഡിഗ്രി സെൽഷ്യസ് ചൂട് വർധനയ്ക്ക് ബ്രിട്ടൻ സജ്ജമാകണമെന്ന് സ്വതന്ത്ര കാലാവസ്ഥാ ഉപദേശക സമിതിയായ ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി (CCC) മുന്നറിയിപ്പ് നൽകി. നിലവിലെ ചൂട് നിലയിൽ തന്നെ രാജ്യത്ത് അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമായിക്കൊണ്ടിരിക്കുമ്പോൾ ഭാവിയിലെ താപനില വർധനവിനെ നേരിടാൻ സർക്കാർ ഇന്നും പൂർണ്ണമായി തയ്യാറായിട്ടില്ല എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.
പാരീസ് കരാറിൽ 1.5 ഡിഗ്രി ചൂട് വർധന തടയണമെന്നതാണ് പ്രധാന ലക്ഷ്യം ആയി മുന്നോട്ട് വെച്ചിരുന്നത് . എന്നാൽ ഇതിനും മീതെ ചൂട് കൂടാനുള്ള സാധ്യത കൂടുതലാണെന്ന് CCC മുന്നറിയിപ്പ് നൽകി. അതിനാൽ, ബ്രിട്ടൻ ദീർഘകാല കാലാവസ്ഥാ പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കുകയും, അഞ്ച് വർഷം തോറും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും ചെയ്യണമെന്ന് കമ്മിറ്റിയുടെ കത്തിൽ ശുപാർശ ചെയ്തു. ഓരോ വകുപ്പുകളും കാലാവസ്ഥാ ലക്ഷ്യങ്ങൾ പാലിക്കുന്നതിന് വ്യക്തമായ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കത്തിൽ പറയുന്നു.
ഇതിനിടെ ലോക കാലാവസ്ഥാ സംഘടന (WMO) 2024-ൽ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവിൽ വലിയ വർധനയുണ്ടായതായി സ്ഥിരീകരിച്ചു. കാർബൺ ഡൈ ഓക്സൈഡും മറ്റു ഹരിതഗൃഹ വാതകങ്ങളും ഭൂമിയുടെ ചൂട് കൂട്ടി അതിരൂക്ഷമായ കാലാവസ്ഥ സൃഷ്ടിക്കുന്നു. ഈ സാഹചര്യം കുറയ്ക്കുന്നത് കാലാവസ്ഥയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും അത്യാവശ്യമാണ് എന്ന് WMO ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കോ ബാരറ്റ് വ്യക്തമാക്കി. 2025 വേനലിൽ യുകെയിൽ രേഖപ്പെടുത്തപ്പെട്ട നാല് ഔദ്യോഗിക ഹീറ്റ്വേവുകൾ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലത്തിന് ഇടയാക്കിയിരുന്നു.
Leave a Reply