നാല് വയസുകാരായ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് പുതിയ ബേസ്‌ലൈന്‍ മൂല്യനിര്‍ണയ പരിപാടി നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് സര്‍ക്കാര്‍. കുട്ടികളുടെ ആശയവിനിമയം, ഗണിതശാസ്ത്രം, ഭാഷ, സാക്ഷരത തുടങ്ങിയവയിലുള്ള പരിജ്ഞാനം മനസിലാക്കുകയാണ് പുതിയ ടെസ്റ്റിന്റെ ലക്ഷ്യം. ഇരുപത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ടെസ്റ്റിന് തയ്യാറെടുപ്പുകള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ ആദ്യ ആഴ്ചയില്‍ത്തന്നെ ഇത് നടത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ മൂല്യനിര്‍ണയ രീതിക്കെതിരെ കടുത്ത എതിര്‍പ്പുകളുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ മൂല്യനിര്‍ണയ സംവിധാനമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സ്്കൂള്‍ വിദ്യഭ്യാസത്തിന്റെ ആരംഭം മുതല്‍ തന്നെ കുട്ടികളെ കഴിവില്ലാത്തവരെന്ന് മുദ്രകുത്താന്‍ ഒരുപക്ഷേ പുതിയ രീതി കാരണമായേക്കാം. പിന്നീടുള്ള കുട്ടിയുടെ പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് അധ്യാപകര്‍ പറയുന്നു.
നിരവധി അധ്യാപകര്‍ പുതിയ സര്‍ക്കാര്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. പദ്ധതി കുട്ടികളുടെ സര്‍ഗാത്മകതയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ പറയുന്നു. അതേസമയം കുട്ടികള്‍ക്ക് നൈസര്‍ഗികമായി എത്രത്തോളം കഴിവുകളുണ്ടെന്ന് മനസ്സിലാക്കാന്‍ പുതിയ ടെസ്റ്റിന് കഴിയുമെന്ന് സര്‍ക്കാര്‍ പറയുന്നു. കുട്ടികളുടെ നിലവാരം മനസ്സിലാക്കുന്നത് വഴി സ്‌കൂളുകള്‍ക്ക് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നും മിനിസ്റ്റര്‍മാര്‍ പറയുന്നു. വേഗത്തിലും ലളിതവുമായ പുതിയ മൂല്യനിര്‍ണയ രീതി പ്രൈമറി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുണ്ടായ കുട്ടികളുടെ വളര്‍ച്ചയെ മനസിലാക്കാന്‍ സഹായിക്കുമെന്നും സ്‌കൂളിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഉപകരിക്കുമെന്നും സ്‌കൂള്‍ സ്റ്റാന്‍ഡേര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ് പറഞ്ഞു. നാല് വയസ് മാത്രം പ്രായമുള്ളവരുടെ കഴിവിനെ ടെസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് യാതൊരു ഗവേഷണങ്ങളും ഇതുവരെ നടന്നിട്ടെല്ലന്ന് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.
നാഷണല്‍ എജ്യൂക്കേഷന്‍ യൂണിയന്‍ (എന്‍ഇയു) ടെസ്റ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മാനസിക ബുദ്ധിമുട്ടുകളോ അല്ലെങ്കില്‍ ഭിന്നശേഷിക്കാരോ ആയിട്ടുള്ള കുട്ടികളെയും ചെറിയ കുട്ടികളെയും ടെസ്റ്റ് പ്രതികൂലമായി ബാധിക്കും. ഇത്തരം കുട്ടികളെ കഴിവില്ലാത്തവരെന്ന് മുദ്രകുത്താന്‍ ടെസ്റ്റ് വഴിയൊരുക്കും. ഇത് കുട്ടികളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസത്തെ തന്നെ ബാധിക്കുമെന്നും എന്‍ഇയു ജോയിന്റ് സെക്രട്ടറി മേരി ബൗസ്റ്റഡ് വ്യക്തമാക്കുന്നു. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ചാണ് പുതിയ മൂല്യനിര്‍ണയ രീതി വികസിപ്പിച്ചെടുത്തത്. ഇത് സംബന്ധിച്ച 10 മില്യണ്‍ പൗണ്ടിന്റെ കരാറില്‍ ഫൗണ്ടേഷന്‍ ഒപ്പുവെച്ചു കഴിഞ്ഞു. 2020 അവസാനത്തോടെ ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും പുതിയ രീതി കൊണ്ടുവരാനാണ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്റെ തീരുമാനം.
Leave a Reply