ലണ്ടന്‍: സമയബന്ധിതമായി വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തവരെ ശിക്ഷിക്കുമെന്ന് സര്‍ക്കാര്‍. രാജ്യത്തും വിദേശത്തുമുളളവര്‍ക്ക് പുതിയ നിയമം ബാധകമാണ്. തിരിച്ചടവ് സംവിധാനം കാര്യക്ഷമമാകണമെങ്കില്‍ ഇത്തരം നിയമം അത്യാവശ്യമാണെന്നും സര്‍വകലാശാല വകുപ്പ് മന്ത്രി ജോ ജോണ്‍സണ്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു. മുമ്പത്തെക്കാളും കൂടുതല്‍ പേര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്ന് വരുന്നുണ്ട്. രാജ്യത്തിന്റെ പരിമിതികള്‍ക്കുളളില്‍ നിന്ന് കൊണ്ട് തന്നെ ബ്രിട്ടന്റെ ലോകോത്തര വിദ്യാഭ്യാസ നിലവാരം കാത്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ജോ ജോണ്‍സണ്‍ പറഞ്ഞു.
ഓരോ വര്‍ഷവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് വായ്പ നല്‍കണമെങ്കില്‍ തിരിച്ചടവ് സംവിധാനം കാര്യക്ഷമവും കുറ്റമറ്റതുമായേ മതിയാകൂ. വിദ്യാര്‍ത്ഥികള്‍ക്കുളള ധനസംവിധാനം സുസ്ഥിരമാകണമെങ്കില്‍ തിരിച്ചടവ് അനിവാര്യവും സമയബന്ധിതവും ആകണം. നികുതിദായകന്റെ പണത്തിന് മൂല്യമുണ്ട്. ഭൂരിഭാഗവും വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടികള്‍ കൈക്കൊളളും. വായ്പ വാങ്ങിയിട്ട് തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് മേല്‍ ഉപരോധം അടക്കമുളളവ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ആവശ്യമെങ്കില്‍ ഇവരെ ശിക്ഷിക്കുകയും ചെയ്യും. കൂടുതല്‍ സഹായം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അതും നല്‍കും. തിരിച്ചടവ് വ്യവസ്ഥകള്‍ പാലിക്കുമെന്നുറപ്പാക്കിയ ശേഷമേ അതുണ്ടാകൂ എന്നും ജോണ്‍സണ്‍ വ്യക്തമാക്കുന്നു. നികുതി ദായകന്റെയും വായ്പ എടുക്കുന്നവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ തിരിച്ചടവ് വ്യവസ്ഥകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഓരോ മാസവും കൂടുതല്‍ പണം തിരിച്ചടയ്‌ക്കേണ്ടി വരുന്നതായാണ് ആരോപണം.