2009 ഒക്ടോബർ 15നായിരുന്നു യുഎസിനെ ഞെട്ടിപ്പിച്ച ആ സംഭവം. കൊളറാഡോയിലെ ഫോർട്ട് കോളിൻസിലെ ആകാശത്ത് ഒരു ഹീലിയം ബലൂൺ പ്രത്യക്ഷപ്പെട്ടു. വെള്ളി നിറത്തിൽ ഒരു പറക്കുംതളികയ്ക്കു സമാനമായിരുന്നു അത്. സാധാരണ അത്തരം ബലൂൺ കാഴ്ചകൾ ആകാശത്ത് പതിവുള്ളതാണ്. എന്നാൽ ബലൂൺ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ രണ്ടു പേർ പൊലീസിനെ വിളിച്ചു. ദമ്പതികളായ റിച്ചാർഡും മയൂമി ഹീനുമായിരുന്നു തങ്ങളുടെ മകൻ ഫാൽക്കൻ ആ ബലൂണിനകത്ത് പെട്ടുപോയതായി പൊലീസിനെ അറിയിച്ചത്.
അപ്പോഴേക്കും ഏകദേശം 7000 അടി ഉയരത്തിലെത്തിയിരുന്നു ബലൂൺ. ഒന്നര മണിക്കൂറായി അത് ആകാശത്തു പറക്കുന്നു. ആറു വയസ്സുകാരൻ ബലൂണിൽപ്പെട്ട വാർത്ത മാധ്യമങ്ങളിലും ആഘോഷിക്കപ്പെട്ടു. നാഷനൽ ഗാർഡിന്റെ ഹെലികോപ്ടറുകളും പൊലീസ് വാഹനങ്ങളും ബലൂണിനെ പിന്തുടർന്നു. ഒടുവിൽ ഡെൻവർ രാജ്യാന്തര വിമാനത്താവളത്തിന്റെ വടക്കുകിഴക്ക് 19 കിലോമീറ്റർ ദൂരെ ഒരു ഗോതമ്പ് പാടത്ത് ബലൂൺ വീണു. എന്നാൽ അതിനകത്ത് ഫാൽക്കൻ ഉണ്ടായിരുന്നില്ല.
ബലൂണിൽനിന്ന് ഒരു വസ്തു താഴേക്കു വീഴുന്നതായി കണ്ടുവെന്ന് അതിനിടെ റിപ്പോർട്ടുകളുണ്ടായി. തുടർന്ന് പ്രദേശത്താകെ അന്വേഷണവും ആരംഭിച്ചു. അതിനിടെ പൊലീസ് റിച്ചാർഡിന്റെ വീട്ടിലും പരിശോധന നടത്തി. ഗരാഷിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു ഫാൽക്കൻ. പൊലീസും നാഷനൽ ഗാർഡും ബലൂണിനു പിന്നാലെ പായുമ്പോഴും വീട്ടിൽത്തന്നെയുണ്ടായിരുന്നു അവൻ. വീടിനു പിന്നിൽനിന്നു പറത്തിവിട്ടതാണ് ബലൂണെന്നും അന്യഗ്രഹജീവികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും അതോടെ വ്യക്തമായി. ജനത്തെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവൃത്തിയെന്നും തെളിഞ്ഞു.
സംഭവം തട്ടിപ്പാണെന്നു തെളിഞ്ഞതോടെ കുട്ടിക്ക് ഒരു പേരും വീണു – ബലൂൺ ബോയ്. സംഭവം ക്രിമിനൽ കേസുമായി. 11 വർഷത്തിനു ശേഷം, സംഭവത്തിൽ ദമ്പതികൾക്ക് മാപ്പു നൽകിയതായി ഇന്നലെ കൊളറാഡോ ഗവർണർ അറിയിച്ചു. നിയമസംവിധാനങ്ങളുടെ സമയം നഷ്ടപ്പെടുത്തിയ സംഭവത്തിനു കാരണമായെന്നായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ബലൂണിനു പിന്നാലെ ഹെലികോപ്ടർ പറന്നതോടെ ഡെൻവർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈറ്റുകളുടെ ഗതി തിരിച്ചുവിടേണ്ടി വരിക പോലും ചെയ്തു. റിച്ചാർഡിന് ഇപ്പോൾ 59 വയസ്സായി, മയൂമിക്ക് 56ഉം. ഇരുവരും തങ്ങളുടെ തെറ്റിന് ‘പ്രായശ്ചിത്തം’ ചെയ്ത സാഹചര്യത്തിലാണ് മാപ്പു നൽകുന്നതെന്നും ഗവർണർ ജറേദ് പോലിസ് പറഞ്ഞു.
ഗവർണറുടെ സവിശേഷ അധികാരം ഉപയോഗിച്ചാണ് മാപ്പു നൽകൽ. അന്ന് ടിവിയിലും മറ്റുമായി ലക്ഷങ്ങളാണ് ഈ വിഡിയോ കണ്ടത്. എന്തുകൊണ്ടാണ് ഗരാഷിൽ ഒളിച്ചതെന്ന് സിഎൻഎന്നിന്റെ ടിവി ഷോയില്‍ ചോദിച്ചപ്പോൾ മാതാപിതാക്കളെ നോക്കിയ ഫാൽക്കൻ ‘ഇതെല്ലാം ഒരു ടിവി ഷോയ്ക്കു വേണ്ടിയാണെന്നാണ് ഇവർ എന്നോട് പറഞ്ഞത്’ എന്നാണു വ്യക്തമാക്കിയത്. സ്വന്തം റിയാലിറ്റി ടിവി ഷോ നടത്തിയതാണിതെന്നും മാതാപിതാക്കൾ പറഞ്ഞു. യുഎസിൽ അത്തരം ഷോകൾ തരംഗമായ കാലവുമായിരുന്നു അത്.
റിച്ചാർഡിന് 30 ദിവസത്തെ ജയിൽ ശിക്ഷ ലഭിച്ചു. തെറ്റായ വിവരം പൊലീസിനെ അറിയിച്ചതിന് മയൂമിക്ക് 20 മണിക്കൂർ നിർബന്ധിത സാമൂഹിക സേവനവും വിധിച്ചു. ജാപ്പനീസ് പൗരത്വമുണ്ടായിരുന്ന മയൂമിയെ അവിടേക്ക് നാടു കടത്താൻ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടായതായി ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കിയത് വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് റിച്ചാർഡ് കുറ്റമേറ്റെടുത്തതെന്നും അഭിഭാഷകൻ പറഞ്ഞു. ഇപ്പോൾ ഫ്ലോറിഡയിലാണ് ഇരുവരുടെയും താമസം. ബലൂൺ ബോയ് ഹോക്സ് ഉൾപ്പെടെ 18 സംഭവങ്ങളിൽ ഇന്നലെ ഗവർണർ മാപ്പ് അനുവദിച്ചു. നാലു കേസുകളിൽ ശിക്ഷ ഇളവും ചെയ്തു.











Leave a Reply