തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അനുമതി. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന എസ്പി ഗോപാലകൃഷ്ണനെ സെന്‍കുമാര്‍ അധിക്ഷേപിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഇപ്പോള്‍ എഐജിയായി സര്‍വീസിലുള്ള ഗോപാലകൃഷ്ണന്‍ ഡിജിപിയായി പുനര്‍നിയമിതനായ സെന്‍കുമാറിനെ ഓഫീസിലെത്തി കാണാനോ അഭിവാദ്യം ചെയ്യാനോ തയാറാകാതിരുന്നതും ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെ നീണ്ട നാളത്തെ നിയമയുദ്ധത്തിന് ശേഷമാണ് സുപ്രീം കോടതി വിധി പ്രകാരം ഡിജിപിയായി സെന്‍കുമാര്‍ പുനര്‍നിയമനം നേടിയത്. ചുമതലയേറ്റ ശേഷമുള്ള സെന്‍കുമാറിന്റെ പല തീരുമാനങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കൃത്യനിര്‍വ്വഹണം നടത്തിയില്ലെന്ന പരാതിയിയില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജോലിക്കാരിയായ ബീനയെ സെന്‍കുമാര്‍ ഡിജിപി ഓഫീസില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് ഇവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചിരുന്നു.
കൂടാതെ സെന്‍കുമാറിനെതിരായി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Leave a Reply