തിരുവനന്തപുരം; കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ഇടനിലക്കാരില്ലാതെ യുകെയില്‍ തൊഴില്‍ അവസരം ലഭിക്കുന്നതിന് സഹായമാകുന്നവിധത്തില്‍ യുകെ അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ കരാറൊപ്പിട്ടു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. വിവിധ കോഴ്സുകള്‍ക്ക് ചെലവാകുന്ന തുകയും വിസചാര്‍ജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യതാമസവും നല്‍കും.

അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ച കരാര്‍ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി(എച്ച്ഇഇ) സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തിങ്കളാഴ്ച മാഞ്ചസ്റ്റില്‍ എച്ച്ഇഇ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഈ അവസരം എല്ലാ നഴ്സുമാരും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ മന്ത്രിയും സംഘവും ചൊവ്വാഴ്ച സന്ദര്‍ശിച്ചു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ഈസ്റ്റ് ലങ്കാഷെയര്‍ ട്ര്സ്റ്റിന്റെ റോയല്‍ ബ്ലാക്ക് ബേണ്‍ ആശുപത്രിയും റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയും സന്ദര്‍ശിച്ച മന്ത്രി ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം പ്രകാരം നിയമിതരായ നഴ്സുമാരുമായി ആശയവിനിമയം നടത്തി. ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം മുഖേന നിയമിതരായ നഴ്സുമാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് യുകെ ഗവണ്‍മെന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗ്ലോബല്‍ ലേണിങ് പ്രോഗ്രാം വഴിയുള്ള നിയമനത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേരളത്തില്‍ നിന്ന് കൂടുതല്‍ നഴ്സുമാരെ ഒഡെപെക് മുഖേന യുകെയിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരാണ് യുകെയിൽ ഇപ്പോൾ  സന്ദര്‍ശനത്തിൽ ഉള്ളത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ എന്‍ഗേജ്മെന്റ് ഡയറക്ടര്‍ പ്രഫ. ജെഡ് ബയണ്‍, ഗ്ലോബല്‍ മാനേജ്മെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജൊനാഥന്‍ ബ്രൗണ്‍, ബിന്‍ ഹൂഗസ്, മിഷേല്‍ തോംസണ്‍ എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.