ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഗ്ലാസ്ഗോ : ചികിത്സയുടെ മറവിൽ 35 വർഷത്തിനിടെ 47 വനിതാ രോഗികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 12 വർഷം തടവ്. 72കാരനായ ഡോ. കൃഷ്ണ സിങ്ങിനാണ് 12 വർഷത്തെ ജയിൽ ശിക്ഷ സ്കോട്ട്ലൻഡ് കോടതി വിധിച്ചത്. ചികിത്സയ്ക്കിടെ വനിതാ രോഗികളെ ചുംബിക്കുക, അനുചിതമായ പരിശോധനകൾ നടത്തുക, അശ്ലീല സംഭാഷണങ്ങൾ പറയുക തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ. രോഗികളിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയും കൗമാരക്കാരായ കുട്ടികളും ഗർഭിണികളും ഉൾപ്പെടുന്നു. 1983 ഫെബ്രുവരി മുതൽ 2018 മെയ് വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്.
ഹൈക്കോടതി വിചാരണയ്ക്കിടെ കൃഷ്ണ സിങ് കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷക കോടതിയിൽ പറഞ്ഞിരുന്നു. സിങ്ങിന്റെ പ്രവൃത്തികൾക്ക് ന്യായീകരണമില്ലെന്നും ലൈംഗിക പീഡനം നടത്താൻ അദ്ദേഹം സ്ഥാനം ദുരുപയോഗം ചെയ്തെന്നും കോടതി വ്യക്തമാക്കി.
നോർത്ത് ലങ്കാഷെയറിലെ മെഡിക്കൽ പ്രാക്ടീസിനിടെയാണ് ഇയാൾക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. ഇതുകൂടാതെ, വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലും രോഗികളുടെ വീടുകൾ സന്ദർശിക്കുമ്പോഴുമെല്ലാം കൃഷ്ണ സിങ് രോഗികളെ പീഡിപ്പിച്ചു. മെഡിക്കൽ സേവനങ്ങളിലെ സംഭാവനയ്ക്ക് 2013-ൽ റോയൽ മെംബർ ഓഫ് ഓർഡർ ഓഫ് ബ്രിട്ടിഷ് എംപയർ ബഹുമതി ലഭിച്ചയാളാണ് ഡോ.കൃഷ്ണ.
2018ൽ, കൃഷ്ണ സിങ്ങിന്റെ ചികിത്സയ്ക്കു വിധേയമായ ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്യുന്നത്. പിന്നാലെ നിരവധി സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയതോടെ 54 കേസുകൾ ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തു. കൃഷ്ണയ് ക്കെതിരെയുള്ള ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെ അത് അറസ്റ്റിനും ഇപ്പോൾ ജയിൽ ശിക്ഷയ്ക്കും വഴി തുറന്നു.
Leave a Reply