സ്വന്തം ലേഖകൻ

സ്കോട് ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ആയ നിക്കോള സ്റ്റർജിയോൺ പൊതുചടങ്ങിൽ വെച്ച് ഫെയ്സ് മാസ്ക് മാറ്റി. “അശ്രദ്ധമൂലം സംഭവിച്ചതാണെന്നും, തന്റെ കയ്യിൽ നിന്നും ഉണ്ടായ ഏറ്റവും വലിയ പിഴവ് എന്നും പിന്നീട് മന്ത്രി പൊതുജനത്തോട് മാപ്പ് പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച സിവിൽ സർവന്റിന്റെ മോർട്ടൺ ഹാൾ ക്രിമിറ്റോറിയത്തിലെ ശവസംസ്കാരത്തിന് ശേഷം എഡിൻബർഗിലെ
സ്ടേബിൾ ബാർ ആൻഡ് റസ്റ്റോറന്റിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ ആണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. മറ്റ് മൂന്ന് വ്യക്തികളോടൊപ്പം സാമൂഹ്യ അകലം പാലിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് മന്ത്രി മുഖാവരണം മാറ്റിയത്. നിക്കോള സ്റ്റർജിയോൺ പതിവായി പൊതുജനങ്ങളോട് കൊറോണവൈറസ് പടരാതിരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു.

അതേസമയം ഒരു പൊതു ജനപ്രതിനിധി എന്ന നിലയിലും, മന്ത്രി എന്ന നിലയിലും നിക്കോള കൂടുതൽ ശ്രദ്ധിക്കണമായിരുന്നു എന്നും, പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട വ്യക്തികൾ അശ്രദ്ധമായി പെരുമാറുന്നതിനെ ന്യായീകരിക്കാൻ ആവില്ലെന്നും സ്കോട്ടിഷ് കൺസർവേറ്റീവ് വക്താവ് അഭിപ്രായപ്പെട്ടു. നിക്കോള നിയമം തെറ്റിച്ചത് തന്നെയാണ്, പൊതുജനങ്ങൾക്ക് ഒരു നിയമം മന്ത്രിക്ക് മറ്റൊരു നിയമം എന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് വെച്ച് മുഖത്ത് നിന്നും മാസ്ക് മാറുന്നവർക്ക് 60 പൗണ്ടാണ് പിഴ.


നിക്കോള സ്റ്റർജിയോൺ സമൂഹത്തോട് നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ പിഴവാണ് ഇതെന്നും ഇനി ആവർത്തിക്കില്ലെന്നും അവർ അറിയിച്ചു.

” കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിന്ന വ്യക്തിയാണ് നിക്കോള സ്റ്റർജിയോൺ, അവർ മനപ്പൂർവ്വം ഇങ്ങനെ ചെയ്യില്ല എന്ന് ഉറപ്പുണ്ട്. തനിക്ക് സംഭവിച്ച അബദ്ധത്തിന് അവർ മാപ്പ് പറയുകയും ചെയ്തു. (ഒമ്പതു മാസത്തിനിടയിൽ ഒരിക്കലെങ്കിലും നമ്മളിൽ എല്ലാവർക്കും സംഭവിച്ച അബദ്ധം ആണിത് എന്ന് ഉറപ്പാണ്). വിമർശകർ സംഭവത്തിൻെറ നല്ല വശം കൂടി കണക്കാക്കണം ” സ്കോട്ട്ലാൻഡിന്റെ ജസ്റ്റിസ് സെക്രട്ടറി യൂസഫ് ഹംസ പറഞ്ഞു.