ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 908 കടന്നു. 40,000 ത്തോളം പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത് എന്നാണ് ഇതുവരെയുള്ള കണക്ക്. ഇത് ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ ആകെ എണ്ണമാണ്. കൂടുതലും ചൈനയിൽ ആണ് എന്ന് മാത്രം.

ബ്രയിറ്റനിൽ ഉള്ള കൗണ്ടി ഓക് മെഡിക്കൽ സെന്ററിലെ ഒരു ജീവനക്കാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സിറ്റിയിലുള്ള കൗണ്ടി ഓക് മെഡിക്കൽ ജിപി സർജ്ജറി താൽക്കാലികമായി അടച്ചിരിക്കുകയാണ്. പ്രസ്‌തുത ജിപി സർജ്ജറിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനം ആവശ്യമെങ്കിൽ NHS നമ്പർ ആയ 111 ൽ ബന്ധപ്പെടേണ്ടതാണ് എന്ന് അധികൃതർ  അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. യുകെയിൽ രോഗം കണ്ടെത്തിയ എട്ടു പേരിൽ രണ്ട് പേർ ഹെൽത്ത് കെയർ ജീവനക്കാരാണ്.

എന്നാൽ രോഗനിർണയത്തിന് ശേഷം ജിപി സർജറി സന്ദർശിച്ച എത്ര പേരുണ്ടെന്നോ എന്ന് തുടങ്ങിയ കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വലിയ ഒരു മലയാളി കമ്മ്യൂണിറ്റി ഉള്ള സ്ഥലമാണ് ബ്രയിട്ടൻ. വിന്റർ കാലമായതിനാൽ ജിപി സന്ദർശനം കൂടുതൽ ഉള്ളതുകൊണ്ട് ആണ് ഇങ്ങനെ ഒരു ആശങ്ക സമീപ പ്രദേശത്തുള്ള മലയാളി സുഹൃത്തുക്കൾ പങ്കുവെച്ചത്. എന്നാൽ പൊതുസമൂഹത്തിന് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ആദ്യമായി കൊറോണ വൈറസ് ബാധിച്ച വ്യക്തി ബ്രയിട്ടൻ സ്വദേശിയാണ്. ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് ഇപ്പോൾ ഉള്ളത്.

കിഴക്കൻ ഫ്രാൻസിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷുകാർക്ക് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരണം വന്നിട്ടുണ്ട്. അടുത്തിടെ സിംഗപ്പൂരിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്തു മടങ്ങിയെത്തിയ ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും വൈറസ് ബാധ കണ്ടെത്തിയത്. ഫ്രഞ്ച് ആൽപ്‌സിലെ കോണ്ടാമൈൻസ്-മോണ്ട്ജോയ് സ്‌കൂൾ റിസോർട്ടിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നത്.

കൊറണ വൈറസ് നിരീക്ഷണത്തിൽ ഉള്ളവർ മിൽട്ടൺ കീൻസിലെ ഒരു കോൺഫറൻസ് സെന്ററിലേക്ക് ആണ് അയക്കുന്നത്. പതിനാല് ദിവസമാണ് നിരീക്ഷണം.