ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ ജീവിത ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ട്രയൽ പബ്ലിക് ഹെൽത്ത് സ്കീമുമായി സർക്കാർ. പുതിയ സ്കീമിൽ പഴങ്ങളും പച്ചക്കറികളും പ്രിസ്ക്രിപ്ഷൻ വഴി നൽകുകയാണ് ചെയ്യുന്നത്. 250,000 പൗണ്ട് ചിലവ് വരുന്ന 9 മാസത്തെ പ്രോജക്ടായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. യുകെയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ താമസിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 120 ഓളം ആളുകൾക്ക് സ്കീമിന്റെ കീഴിൽ നിത്യോപയോഗ സാധനങ്ങൾക്കായുള്ള പ്രതിവാര വൗച്ചറുകൾ നൽകുകയാണ് ചെയ്യുന്നത്.
സർക്കാരിൻെറ ഈ പുതിയ സ്കീമിന് യോഗ്യരായ എല്ലാ കുടുംബത്തിനും ഓരോ ആഴ്ചയും 8 പൗണ്ട് മൂല്യമുള്ള വൗച്ചറുകൾ ആണ് ലഭിക്കുക. കൂടാതെ കുടുംബങ്ങളിലെ ഓരോ കുട്ടിക്കും രണ്ട് പൗണ്ട് അധികമായി ലഭിക്കും. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ ഉയർന്ന വിലമൂലം ആരോഗ്യകരമായ ഭക്ഷണം വാങ്ങുവാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് കഴിയുന്നില്ല എന്ന കണ്ടെത്തലിന് പിറകേയാണ് ഈ സ്കീം കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്നത്. ഉയർന്ന ജീവിതചിലവും മറ്റും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ പോഷകാഹാര കുറവും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകളുടെ ഉയർന്ന നിരക്കിനും കാരണമാകുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്കീമിൽ ഉൾപ്പെട്ടവർ നൽകുന്ന പ്രതികരണങ്ങൾ പദ്ധതിയ്ക്ക് കിട്ടിയ ജനപിന്തുണയ്ക്കുള്ള തെളിവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . തങ്ങളുടെ കുടുംബത്തിന് ആരോഗ്യകരമായ ഭക്ഷണം നൽകാൻ ഇപ്പോൾ കഴിയുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ജീവിത ചെലവ് ഉയരുന്നതിന് മുമ്പ് 20 പൗണ്ട് ആയിരുന്നു ആഴ്ചയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമായി ചെലവഴിക്കേണ്ടിവന്നിരുന്നതെന്നും എന്നാൽ ഇന്ന് ജീവിത ചെലവ് കൂടിയത് മൂലം കുട്ടികൾക്ക് പച്ചക്കറികളും പഴങ്ങളും മേടിച്ചു കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതായും ടവർ ലെറ്ററിൽ താമസിക്കുന്ന മൂന്നുകുട്ടികളുടെ അമ്മയായ ഒരു വീട്ടമ്മ പറഞ്ഞു . മധുരക്കിഴങ്ങ്, വാഴപ്പഴം, ക്യാബേജ് തുടങ്ങിയ പച്ചക്കറികൾ തൻറെ കുടുംബത്തിന് വളരെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ പിന്നീട് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ തുടങ്ങി. താനും തൻറെ കുട്ടികളും ഭക്ഷണം കഴിക്കുന്നത് ഉയർന്ന വില മൂലം കുറയ്ക്കുവാനും തുടങ്ങി. കുട്ടികളോട് പഴങ്ങൾ കഴിക്കരുതെന്ന് പറയേണ്ട സാഹചര്യം വരെ തനിക്കുണ്ടായതായി വിഷമത്തോടെ അവർ പറഞ്ഞു. ഇതുമൂലം പ്രോട്ടീന്റെ കുറവും വൈറ്റമിൻ സീയുടെ അഭാവവും നേരിട്ടു. കുട്ടികൾക്ക് നിരന്തരമായി രോഗങ്ങൾ വരുകയും ക്ഷീണം ഉണ്ടാവുകയും ചെയ്തതായി അവർ പറഞ്ഞു. എന്നാൽ പുതിയ സ്‌കീം മൂലം തനിക്കും കുടുംബത്തിനും ആവശ്യമായ പോഷകങ്ങളും പഴവർഗങ്ങളും വാങ്ങിക്കാൻ സാധിക്കുന്നുണ്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുവാൻ കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.
ടവർ ഹാംലെറ്റിൽ 56% കുട്ടികളും ദരിദ്ര സാഹചര്യത്തിൽ വളരുന്നവരാണ്. ഇവരിൽ പലരും പഴങ്ങളും പച്ചക്കറികളും സ്കൂളുകളിൽ നിന്ന് ലഭിക്കുന്നത് മാത്രമാണ് കഴിക്കുന്നത്. അലക്‌സാന്ദ്ര റോസ് ചാരിറ്റിയും പ്രാദേശിക പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് നൽകുന്ന ഈ പദ്ധതി യുകെയിലെ പൊതുജനങ്ങളുടെ ഭക്ഷ്യ പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Leave a Reply