ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ട് ഫുട്ബോൾ ടീം സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിന്റെ മ്യൂറൽ ചിത്രത്തെ തകർക്കുന്ന തരത്തിൽ നടത്തിയ ചുവരെഴുത്തിൽ വംശീയ അധിക്ഷേപം ഒന്നും തന്നെ ഇല്ലെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ പോലീസ്. എന്നിരുന്നാൽ തന്നെയും അന്വേഷണം ശരിയായ രീതിയിൽ തന്നെ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇറ്റലിയുമായി നടന്ന യൂറോ കപ്പ് മത്സരത്തിൽ, മാർക്കസ് പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ചിത്രത്തെ ഇത്തരത്തിൽ അധിക്ഷേപിച്ചത്. ഇതേത്തുടർന്ന് നിരവധി ആരാധകർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. മാർക്കസിനോടൊപ്പം തന്നെ, ടീമിലെ കറുത്തവർഗക്കാരായ ജാഡൺ സാഞ്ചോ, ബുകായോ സക എന്നിവർക്കെതിരെയും അധിക്ഷേപങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.


നീല അക്ഷരങ്ങളിൽ എഴുതിയിരുന്നത് വ്യക്തമായിരിന്നില്ലെങ്കിലും, തികച്ചും മോശമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. റാഷ്‌ഫോർഡിന്റെ ചിത്രത്തിന്റെ കേടുപാടുകൾ പരിഹരിച്ചതായും, ശക്തമായ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ അറസ്റ്റുകൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും തരത്തിൽ വിവരം ലഭിക്കുന്ന ജനങ്ങൾ പോലീസ് അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


റാഷ്ഫോർഡിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയകളിലും മറ്റും പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ഉടൻതന്നെ കുറ്റവാളികളെ കണ്ടുപിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.