അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

എൻഎച്ച്എസ് മേധാവി സൈമൺ സ്റ്റീവൻസ് സ്ഥാനം ഒഴിയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ മഹാവ്യാധിയെ ഫലപ്രദമായി നേരിട്ടെന്ന ചാരിതാർത്ഥ്യവുമായാണ് എൻഎച്ച്എസ് മേധാവി പടിയിറങ്ങുന്നത് . 54 കാരനായ സ്റ്റീവൻസ് ജൂലൈയിൽ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അദ്ദേഹത്തിൻറെ പിൻഗാമി കുറച്ചുമാത്രം തുറന്നുപറയുന്ന ആരോഗ്യ സേവന ബഡ്ജറ്റിനെ പറ്റി വെല്ലുവിളിക്കാൻ തയ്യാറാകാത്ത ഒരാളായിരിക്കുമെന്നാണ് പിന്നാമ്പുറ സംസാരം. സ്റ്റീവൻസിന്റെ ഡെപ്യൂട്ടി അമണ്ട പ്രിറ്റ്‌ചാർഡ്, നോർത്തേംബ്രിയ എൻ‌എച്ച്‌എസ് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ ജെയിംസ് മാക്കി, എൻ‌എച്ച്എസിന്റെ ഡയറക്ടർ ഓഫ് ട്രാൻസ്ഫോർമേഷൻ ആയ ഡോ. ടിം ഫെറിസ് എന്നിവരാണ് ഈ പദവിയിലേക്ക് വരാൻ സാധ്യതയുള്ളവരായി കരുതപ്പെടുന്നത്.

സ്റ്റീവൻസ് ജൂലൈ 31ന് സ്ഥാനമൊഴിയുമ്പോഴേയ്ക്കും അദ്ദേഹത്തിൻറെ പകരക്കാരനെ നിയമിക്കാൻ ആകുമെന്നാണ് എൻഎച്ച്എസ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും എൻഎച്ച്എസിൻെറ ബോർഡ് ഒരു പിൻഗാമിയെ തിരഞ്ഞെടുത്തതിന് ശേഷവും ഗവൺമെൻറ് ഹെൽത്ത് സെക്രട്ടറി ആയ മാറ്റ് ഹാൻകോക്ക് വഴി ആ തീരുമാനം തള്ളിക്കളയാം . ഗൈസ് ആൻഡ് സെന്റ് തോമസ് ട്രസ്റ്റിൻെറയും ചീഫ് എക്സിക്യൂട്ടീവ് കൂടിയായ പ്രിച്ചാർഡ് ഈ സ്ഥാനത്തേക്കുള്ള ശക്തമായ ഒരു മത്സരാർത്ഥിയാണ്. ലഭിച്ച വിവരങ്ങളനുസരിച്ച് സ്റ്റീവൻസിനൊപ്പം എംപിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും മറ്റും അവർ ഈ സ്ഥാനത്തിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം നോർത്തേംബ്രിയയിലെ ട്രസ്റ്റിൻെറ മേധാവി എന്ന നിലയിൽ സർ ജെയിംസ് മാക്കി പ്രശസ്തനാണ്. പ്രിറ്റ്‌ചാർഡിനെ പോലെതന്നെ എൻഎച്ച്എസ് ട്രസ്റ്റ് നോക്കി നടത്താനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുമുണ്ട്. പുതുമയുള്ള ആശയങ്ങളും നവീകരണങ്ങളും ഉള്ള അദ്ദേഹത്തിൻറെ കീഴിലുള്ള ട്രസ്റ്റിൽ മഹാമാരിയുടെ കാലയളവിൽ മറ്റ് ട്രസ്റ്റുകളേക്കാൾ ഒഴിവാക്കിയ ഓപ്പറേഷനുകളുടെ എണ്ണം കുറവാണ്.

മഹാമാരി ഒഴിഞ്ഞാലും എൻഎച്ച്എസ് വരും ദിവസങ്ങളിൽ നേരിടാൻ പോകുന്നത് കടുത്ത വെല്ലുവിളികളാണ്. കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചതിലും പകുതി സേവനം മാത്രമേ നൽകാൻ എൻഎച്ച്എസിന് ആയുള്ളൂ എന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം 3 ലക്ഷത്തിലധികം പേരാണ് ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

മെയ് 11ന് രാജ്ഞിയുടെ പ്രസംഗത്തിലൂടെ എൻഎച്ച്എസ് പരിഷ്കരണ ബിൽ അനാവരണം ചെയ്യും. ഇതോടുകൂടി 2012 ൽ എൻഎച്ച്എസ് ഇംഗ്ലണ്ടിന് നൽകിയ അധികാരം ആരോഗ്യ സെക്രട്ടറിയ്ക്ക് തിരികെ നൽകും. സൈമണിനേക്കാൾ കുറഞ്ഞ രാഷ്ട്രീയം ഉള്ളതും കൂടുതൽ പ്രവർത്തനപരവുമായ ഒരാളെ വേണമെന്ന് ഒരു മുതിർന്ന എൻഎച്ച്എസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. എൻഎച്ച്എസിൻെറ പ്രവർത്തനവും അധികാരവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്ന ഒരാളായിരിക്കും ഇനി വരുന്ന എൻഎച്ച്എസിൻെറ മേധാവി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.