കൈവിരലിലുണ്ടായ ഒരു ചെറിയ മുറിവ് മൂലമുണ്ടായ അണുബാധ ജീവനെടുക്കാതിരിക്കണമെങ്കില്‍ 54 കാരിയായ മാര്‍ഗരീറ്റിന് സ്വന്തം കൈകാലുകള്‍ നഷ്ടപ്പെടുത്തേണ്ടി വരും. ഫൈഫിലെ ക്രോസ്ഹില്‍ സ്വദേശിനിയായ മുന്‍ നഴ്‌സറി ജീവനക്കാരിയായ മാര്‍ഗരീറ്റ് ഹെന്‍ഡേഴ്‌സണാണ് കയ്യിലുണ്ടായ നിസാരമായ മുറിവ് ജീവന്‍ തന്നെ നഷ്ടപ്പെടുത്തുമെന്ന അവസ്ഥയുണ്ടാക്കിയത്. ചൊവ്വാഴ്ച നടക്കുന്ന ശസ്ത്രക്രിയയില്‍ ഇവരുടെ കൈപ്പത്തികള്‍ മുറിച്ചു മാറ്റും. രണ്ടാഴ്ചയ്ക്ക് ശേഷം ഇരുകാലുകളും നീക്കം ചെയ്യും. ഇവര്‍ക്ക് ഭാവിയിലേക്ക് പ്രോസ്തറ്റിക് അവയവങ്ങളും ഇലക്ട്രിക് ചെയറും വാങ്ങുന്നതിനായി 80,000 പൗണ്ടിന്റെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ് കുടുംബാംഗങ്ങള്‍.
കൈവിരലിലുണ്ടായ ചെറിയൊരു മുറിവാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടത്. അത് എങ്ങനെയുണ്ടായി എന്നുപോലും മാര്‍ഗരീറ്റിന് ഓര്‍മയുണ്ടായിരുന്നില്ല. അടുത്ത ദിവസം ഈ മുറിവില്‍ പഴുപ്പ് കണ്ടതിനെത്തുടര്‍ന്ന് അവര്‍ ഫാര്‍മസിസ്റ്റിനെ കണ്ടു. ഡോക്ടറെ കാണണമെന്ന് ഫാര്‍മസിസ്റ്റ് നിര്‍ദേശിച്ചതിനാല്‍ അടുത്ത ദിവസത്തേക്ക് അപ്പോയിന്റ്‌മെന്റ് എടുക്കുകയും ചെയ്തു. എന്നാല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനില്‍ ആഞ്ഞടിച്ചതോടെ അതിന് സാധിച്ചില്ല. അന്ന് ഉച്ചയോടെ മാര്‍ഗരീറ്റിന്റെ നില ഗുരുതരമായി. ചുണ്ടുകള്‍ നീല നിറമാകുകയും ത്വക്കിന്റെ നിറം മാറുകയും ചെയ്തു. നടക്കാനും സാധിക്കാതായി.
അതോടെ മക്കള്‍ ഇവരെ ആശുപത്രിയിലാക്കി. മാര്‍ഗരീറ്റിന് കടുത്ത അണുബാധയാണെന്ന് ആശുപത്രിയില്‍ സ്ഥിരീകരിച്ചു. അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകാന്‍ തുടങ്ങിയതോടെ ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം കൃത്രിമ കോമയിലാക്കിയാല്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അപ്രകാരം ചെയ്‌തെങ്കിലും കോമയില്‍ ഏഴ് ദിവസത്തോളം തുടര്‍ന്നു. പിന്നീടാണ് കൈകാലുകള്‍ മുറിച്ചു മാറ്റിയില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താനാകില്ലെന്ന് ഡോക്ടര്‍മാര്‍ മക്കളെയും ബന്ധുക്കളെയും അറിയിച്ചത്.
നിലവില്‍ പ്രോസ്തറ്റിക് അവയവങ്ങള്‍ എന്‍എച്ച്എസ് നല്‍കുമെങ്കിലും ഭാവിയിലേക്ക് അവ വാങ്ങുന്നതിനായി ഒരു ക്രൗഡ് ഫണ്ട് തുടങ്ങുന്നത് നന്നായിരിക്കുമെന്ന ഉപദേശവും ലഭിച്ചു. അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളില്‍ സെപ്‌സിസ് ആണ് ഒരു പ്രധാന കാരണം. ഓരോ വര്‍ഷവും 40,000 മരണങ്ങള്‍ സെപ്‌സിസ് മൂലം യുകെയിലുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.
Leave a Reply