ഫാ. ബിജു കുന്നക്കാട്ട്
ന്യൂ ടൗണ്‍ (വെയില്‍സ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അജപാലന പദ്ധതികള്‍ക്ക് രൂപം നല്‍കാനും കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാനുമായി സമ്മേളിക്കുന്ന ത്രിദിന ആലോചന യോഗം തിങ്കളാഴ്ച മിഡ് വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ ആരംഭിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ മുപ്പത്തഞ്ചില്‍പരം വൈദികരും രൂപതയിലെ 174 കുര്‍ബാന സെന്ററില്‍ നിന്നുള്ള പ്രതിനിധികളും വിവിധ സന്യസ്ത, സംഘടനാ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്.
എല്ലാ ക്രിസ്ത്യാനികളുടെയും പൗരത്വം സ്വര്‍ഗ്ഗത്തില്‍ ആണെന്നും, അതിനാല്‍ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയാണ് നാമോരോരുത്തരും യാത്ര ചെയ്യേണ്ടതെന്നും ഉദ്ഘാടന സമ്മേളനത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ക്രിസ്ത്യാനികളുടെ നല്ല ജീവിതത്തിന്റെ മാതൃക കണ്ട്, ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തെ പ്രതിഫലിപ്പിക്കുന്നവരായി മറ്റുള്ളവര്‍ക്ക് തോന്നാന്‍ ഇടയാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ രേഖയായ ‘living stones’, അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങള്‍, ക്ളാസുകള്‍, ചര്‍ച്ചകള്‍ എന്നിവ നടക്കും.
റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാന്‍ വാരികാട്ട്, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഫാ.അരുണ്‍ കലമറ്റത്തില്‍ എന്നിവര്‍ ഇന്ന് ക്‌ളാസുകള്‍ നയിക്കും. വികാരി ജനറല്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഡോ.മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു. സമ്മേളനം നാളെ ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും.
Leave a Reply