ലീഡ്‌സില്‍ പരി. കന്യകാ മറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

ലീഡ്‌സില്‍ പരി. കന്യകാ മറിയത്തിന്റെ  പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.
September 08 17:14 2019 Print This Article

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്തിയാദര പൂര്‍വ്വം കൊണ്ടാടി. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍     ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. മാത്യു മന്നടാ MCBS (ഇറ്റലി) മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാമ്മികത്വം വഹിച്ചു. ഫാ. മാത്യു മന്നടാ തിരുന്നാള്‍ സന്ദേശം നല്‍കി. പരിശുദ്ധ അമ്മയെ പോലെ എല്ലാവർക്കും ഒരു നിയോഗം ഉണ്ടെന്നു ഫാ. മാത്യു മന്നടാ തന്റെ തിരുനാൾ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പരാജയങ്ങൾക്കു മുൻപിൽ പതറാതെ നിശ്‌ചയദാർഢ്യത്തോടുകൂടി മുൻപോട്ട് പോകേണ്ടവരാണ് ക്രിസ്താനികൾ എന്നും ഫാ. മാത്യു മന്നടാ തന്റെ തിരുന്നാള്‍ സന്ദേശത്തിൽ ഓർമിപ്പിച്ചു . വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. മരക്കുരിശിന്റെയും വെള്ളിക്കുരിശിന്റെയും സ്വര്‍ണ്ണക്കുരിശിന്റെയും പിറകില്‍ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവു പ്രാസ്യാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി. യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളോടൊപ്പം പ്രത്യേകമായി അലങ്കരിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ദേവാലയത്തിലെത്തി. പ്രദക്ഷിണസമയത്ത് ഇംഗ്ലീഷുകാർ ഉൾപ്പെടുന്ന പ്രാദേശിക സമൂഹം ആദരപൂർവം കാഴ്ചക്കാരായത് വിശ്വാസപ്രഘോഷണത്തിൻെറ നേർകാഴ്‌ചയായി . കൊടികളും  മുത്തുക്കുടകളും പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഹാരോഗേറ്റ്, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേല്‍സ്ഫീല്‍ഡ്, ഹാലിഫാക്‌സ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്നും പതിവ് പോലെ ഇത്തവണയും നൂറുകണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കുകൊണ്ടു. പ്രദക്ഷിണത്തിനു ശേഷം സമാപനാശീര്‍വാദം നടന്നു.

 

2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും വികാരി റവ. ഫാ. മാത്യൂ മുളയോയില്‍ നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles