ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: ആവേശവും ഉദ്വേഗവും അവസാന നിമിഷം വരെ കാത്തുവച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രണ്ടാം ബൈബിള്‍ കലോത്സവത്തിന് ആവേശോജ്ജ്വലസമാപനം. ഇന്നലെ ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ഒന്‍പതു വരെ നടന്ന സുവിശേഷ പ്രഘോഷണത്തിനു ആയിരത്തിയഞ്ഞൂറിലധികം അംഗങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പങ്കുചേര്‍ന്നത്, യൂറോപ്പിലെ ഏറ്റവും വലിയ സുവിശേഷാധിഷ്ഠിത കലാപ്രകടനങ്ങളിലൂടെയായിരുന്നു. ഒടുവില്‍, മത്സര ദിവസത്തിന്റെ ഫലം വന്നപ്പോള്‍ 152 പോയിന്റോടെ കവന്‍ട്രി റീജിയണ്‍ ഒന്നാം സ്ഥാനം നേടി. 145 പോയിന്റ്റോടെ ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയന്‍ രണ്ടാം സ്ഥാനത്തും 137 പോയിന്റോടെ ലണ്ടന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ട്രോഫികള്‍ വിതരണം ചെയ്തു.

രാവിലെ ഒന്‍പതു മണിക്ക് നടന്ന ബൈബിള്‍ പ്രതിഷ്ഠയ്ക്കും പ്രത്യേക കലോത്സവ സുവനീര്‍ പ്രകാശനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ‘ബൈബിള്‍ കലോത്സവത്തില്‍ മത്സരങ്ങള്‍ ഉണ്ടങ്കിലും ഇതിലൂടെ ഈശോയെ അറിയുകയും സ്‌നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് പ്രധാനമായി ലക്ഷ്യം വയ്ക്കേണ്ടതെന്ന’ സ്രാമ്പിക്കല്‍ പിതാവിന്റെ വാക്കുകളെ മത്സരാര്‍ത്ഥികള്‍ നെഞ്ചിലേറ്റി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി രൂപതയുടെ എട്ടു റീജിയനുകളില്‍ നടന്ന മത്സരങ്ങളിലെ വിജയികളാണ് ഇന്നലത്തെ രൂപതാതല മത്സരങ്ങളില്‍ പങ്കെടുത്തത്. വികാരി ജനറാള്‍മാരായ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. ടോമി ചിറക്കല്‍മണവാളന്‍, റവ. ഫാ. ജോസഫ് വേമ്പാടുംതറ , റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, റവ. ഫാ. ജിജി പുതുവീട്ടിക്കളം, റവ. ഫാ. മാത്യു മുളയോലില്‍, റവ. ഫാ. ബിനു കിഴക്കേയിളംതോട്ടം, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, ബഹു. സിസ്റ്റേഴ്‌സ്, കോര്‍ കമ്മറ്റി അംഗങ്ങള്‍ തൃടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാനും മുഖ്യ സംഘാടകനുമായ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും കലോത്സവം കോ ഓര്‍ഡിനേറ്റര്‍ ജോജി മാത്യുവിന്റെയും കോര്‍ കമ്മറ്റി അംഗങ്ങളുടെയും സംഘാടക പാടവം ഒരിക്കല്‍ക്കൂടി മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മത്സരാര്‍ഥികളും പ്രേക്ഷകരും ഒത്തുചേര്‍ന്നപ്പോള്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തിലുള്ള മറ്റൊരു അഭൂതപൂര്‍വമായ വിശ്വാസ കൂട്ടായ്മയ്ക്കാണ് ഇന്നലെ ബ്രിസ്റ്റോള്‍ സാക്ഷ്യം വഹിച്ചത്. കൃത്യമായ പ്ലാനിങ്ങിലും ക്രമീകരണങ്ങളിലും മികച്ചുനിന്നു സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ കാര്യങ്ങളും സുഗമമാക്കി. നേരത്തെ എത്തിയവര്‍ക്കായി താമസസൗകര്യം, ഭക്ഷണ ക്രമീകരണങ്ങള്‍, മതിയായ വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍, മത്സരങ്ങളുടെ കൃത്യമായ സമയക്രമീകരണം, സുതാര്യമായ വിധിനിര്‍ണയങ്ങള്‍, പൊതുവായ മറ്റു ക്രമീകരണങ്ങള്‍ എന്നിവ വഴി അതിഥികളായി എത്തിയവര്‍ക്കെല്ലാം ഒരു അനുഗ്രഹ ദിവസം സമ്മാനിക്കാന്‍ സംഘാടക സമിതിക്കു സാധിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പതിവിനു വിപരീതമായി അടുത്ത വര്‍ഷത്തെ രൂപതാ കലോത്സവം പ്രെസ്റ്റണ്‍ റീജിയണിലെ ലിവര്‍പൂളില്‍ വച്ച് നടക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മത്സരങ്ങളുടെ നിയമാവലി പ്രെസ്റ്റണ്‍ റീജിയന്റെ പ്രതിനിധിയായ റവ. ഫാ. മാത്യു മുളയോലിക്കു കൈമാറി അടുത്ത വര്‍ഷത്തെ കലോത്സവ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു. ഈ വര്‍ഷത്തെ കോര്‍ കമ്മറ്റി കത്തിച്ച തിരി നല്‍കി പുതിയ കമ്മിറ്റിക്കും കൈമാറി. ആത്മാര്‍ത്ഥമായ സഹകരണത്തിലൂടെയും സമര്‍പ്പണത്തിലൂടെയും റീജിയണല്‍, രൂപതാ കലോത്സവങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ച എല്ലാവര്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങളും അവതരിപ്പിക്കപ്പെട്ട ഇനങ്ങളുടെ തിരഞ്ഞെടുപ്പും ഉന്നത നിലവാരം പുലര്‍ത്തിയെന്നു വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മത്സരാര്‍ഥികള്‍ക്കും വിജയികള്‍ക്കും സംഘടകസമിതിക്കും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അഭിനന്ദനങ്ങള്‍!