റോമി കുര്യാക്കോസ്

ലണ്ടൻ: “പൗരാവകാശത്തിന് അർത്ഥവ്യാപ്തി നൽകി ഭരിച്ച മാനവ സ്നേഹിയായിരുന്നു ഉമ്മൻ‌ചാണ്ടി” എന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി സേവനം ചെയ്യുന്ന വേളയിൽ ‘അവകാശങ്ങളിലും, ആവശ്യങ്ങളിലും നിയമം മാനുഷികവും അർത്ഥവ്യാപ്തിയുള്ളതും ആയിരിക്കണമെന്നും,, സാധാരക്കാരനും പ്രാപ്യമായ തലത്തിലും, തനിക്കെതിരെയുള്ള പരാതിയാണെങ്കിൽ പോലും നിയമം അനുസരിച്ച് അപേക്ഷകന് നീതി നേടിയെടുക്കുവാൻ അവസരം നഷ്‌ടപ്പെടരുതെന്നും ഉമ്മൻ‌ചാണ്ടി സാർ പറയുമായിരുന്നു.’ എന്ന് ജസ്റ്റിസ് ജെ ബി കോശി ഓർമ്മിച്ചു. ‘ഓ സി ഒരോർമ്മ’യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് (Retd.) ജെ ബി കോശി.

‘സമകാലീന ഇന്ത്യ’ സെമിനാറിൽ മുഖ്യപ്രസംഗം നടത്തിയ ജെ ബി കോശി ‘ഭരണഘടനയുടെ അന്തസത്തയായ ജനാധിപത്യം, മതേതരത്വം, മാനവ സമത്വം എന്നിവയിൽ സമ്പന്നമായ ഭാരതം, ഐക്യത്തിലും, സ്നേഹത്തിലും നിയമത്തിലും സാഹോദര്യം പുൽകുന്ന ഗാന്ധിയൻ സ്വപ്നം നിലനിറുത്തുവാൻ ഓരോ ഇന്ത്യക്കാരന്റെയും ബാദ്ധ്യതയും അവകാശവും കടമയുമാണെന്നു ഓർമ്മിപ്പിച്ചു.

ലണ്ടനിലെ ഹിൻഡ് സ്ട്രീറ്റിലുള്ള മെത്തഡിസ്റ്റ് ദേവാലയത്തിൽ ചേർന്ന യോഗത്തിൽ വിവിധ സാമൂഹ്യ-സാമുദായിക-രാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു.

ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി എഫ്രേം സാം നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ അൽക്ക ആർ തമ്പി ആയിരുന്നു പ്രോഗ്രാo മോഡറേറ്റർ.

ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദലിവാൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.

‘ക്രൈസ്തവ വിശ്വാസവും, രാഷ്ട്രീയവും, അധികാരവും ഒപ്പം ചേർത്തു പിടിച്ച്, ജനങ്ങളോടൊപ്പം അവരിലൊരാളായി ജീവിച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും പ്രതിഷ്‌ടിക്കപ്പെടും എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയർമാൻ ഫാ.ടോമി എടാട്ട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജീവിത ശൈലി കണ്ടു ജീവിച്ച ചാണ്ടി ഉമ്മൻ ഭാവിയുടെ പ്രതീക്ഷയാണെന്നും ടോമി അച്ചൻ കൂട്ടിച്ചേർത്തു.

‘ഓർത്തഡോക്സ് സഭാംഗമെന്ന നിലയിൽ വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിക്കുകയും, താൻ ആല്മീയമായി പഠിച്ച പരസ്പര സ്നേഹവും, കരുണയും, ബഹുമാനവും നൽകികൊണ്ടു ജനഹൃദയങ്ങളെ കീഴടക്കിയ ഉമ്മൻ ചാണ്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യൻ എക്കാലത്തും സ്മരിക്കപ്പെടും എന്ന് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

ലൗട്ടൻ മുൻ മേയർ ഫിലിപ്പ് എബ്രാഹം, വൈ.എം.സി.എ ജനറൽ സെക്രട്ടറി എൻ വി എൽദോ, WELKOM പ്രതിനിധി ജോസ് ചക്കാലക്കൽ, മാസ്റ്റർ ഷെഫ് ജോമോൻ കുര്യാക്കോസ്, കൗൺസിലർ ഇമാം ഹഖ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.