ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വാൽസിംഗ്ഹാം തീർത്ഥാടനം അടുത്ത ശനിയാഴ്ച

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വാൽസിംഗ്ഹാം തീർത്ഥാടനം അടുത്ത ശനിയാഴ്ച
July 15 00:07 2019 Print This Article

വാൽസിംഗ്ഹാം: യൂറോപ്പിലെ പ്രസിദ്ധ മരിയൻ തീർത്ഥടനകേന്ദ്രമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എല്ലാ വർഷവും നടത്തിവരാറുള്ള മരിയൻ തീർത്ഥാടനവും വാൽസിംഗ്ഹാം മാതാവിന്റെ തിരുന്നാളും ജൂലൈ 20 ശനിയാഴ്ച നടക്കും. ബ്രിട്ടനിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളികളായ മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന ഈ തീർത്ഥാടനം വാൽസിംഗ്ഹാമിൽ നടത്തപ്പെടുന്ന വിശ്വാസകൂട്ടായ്മകളിൽ രണ്ടാമത്തെ വലിയ തീർത്ഥാടനമാണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്‌മീയ നേതൃത്വത്തിൽ രൂപതയിലെ വികാരി ജനറാൾമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ എന്നിവർക്കൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം ഈ തീർത്ഥാടനത്തിൽ പങ്കുചേരും.

ഈ വർഷത്തെ തിരുനാൾ ദിവസമായ അടുത്ത ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധനക്കുശേഷം പ്രശസ്ത വചനപ്രഘോഷകനും ഡിവൈൻ യുകെ ഡയറക്ടറുമായ റവ. ഫാ. ജോർജ് പനക്കൽ മരിയൻ പ്രഭാഷണം നടത്തും. തുടർന്ന് അടിമ വയ്ക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 12: 45 ന് മരിയഭക്തിവിളിച്ചോതുന്ന പ്രസിദ്ധമായ മരിയൻ തീർത്ഥാടനം ആരംഭിക്കും. രൂപതയുടെ വിവിധ ഇടവക/മിഷൻ/പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽനിന്നെത്തുന്നവർ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി വാൽസിംഗ്ഹാം മാതാവിന്റെ രൂപവും വഹിച്ചുകൊണ്ടു നടത്തുന്ന തീർത്ഥാടനം മരിയഭക്തി ഗീതങ്ങളാലും ജപമാലയാലും മുഖരിതമായിരിക്കും.

തീർത്ഥാടനം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്ന ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിൻറെ മുഖ്യകാർമ്മികത്വത്തിൽ തീർത്ഥാടന തിരുന്നാൾ പൊന്തിഫിക്കൽ കുർബാന അർപ്പിക്കപ്പെടും. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാഭാഗങ്ങളിൽ നിന്നുമുള്ള വൈദികർ തിരുന്നാൾ കുർബാനയിൽ സഹകാർമ്മികരാകും. മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശം നൽകും. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

മൂന്നാമത് വാൽസിംഗ്ഹാം തീർത്ഥാടനം ഏറ്റെടുത്തു നടത്തുന്നത് കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റിയാണ്. തീർത്ഥാടകർക്കായി എത്തുന്ന വിശ്വാസികൾക്കായി എല്ലാവിധക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. കേരളീയ ഭക്ഷണ സ്റ്റാളുകൾ, വിശാലമായ പാർക്കിങ് സൗകര്യം, കുട്ടികൾക്കായി പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച എത്തുന്ന വിശ്വാസസമൂഹത്തെ സ്വീകരിക്കുവാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles