പൊന്നി തോമസ്

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായിട്ട് ഒരു വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനമാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. ഒരു രൂപതയെന്ന സങ്കല്‍പത്തിലേയ്ക്ക് ബ്രിട്ടണിലെ വിശ്വാസികളെയും സഭാ സംവിധാനങ്ങളെയും രൂപപ്പെടുത്തുകയും അതിനായി ആദ്യ കാലങ്ങളില്‍ സ്വയം സമര്‍പ്പിച്ച ഫാ. ജോസഫ് പൊന്നത്തിനെപ്പോലെയുള്ള വൈദികരുടെ സേവനങ്ങളെ നന്ദിപൂര്‍വ്വം അനുസ്മരിച്ചുകൊണ്ടുതന്നെ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുമായി ബന്ധപ്പെട്ട ലേഖനത്തിലെ പല വിലയിരുത്തലുകളോടും നിരീക്ഷണങ്ങളോടും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.

പ്രസ്തുത ലേഖനത്തില്‍ ചെയ്യാത്ത കാര്യങ്ങളെ പര്‍വ്വതീകരിക്കുകയും ഒരു രൂപതയെന്ന നിലയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നടന്ന കാര്യങ്ങളോടും രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ പ്രവര്‍ത്തനങ്ങളോടും മുഖം തിരിക്കുകയോ, തമസ്‌കരിക്കുകയോ ചെയ്തതായി കാണാം. ഒരു വര്‍ഷം മാത്രം വളര്‍ച്ചയെത്തിയ രൂപതാ സംവിധാനങ്ങളെ വിലയിരുത്തുക എന്നത് തോക്കില്‍ കയറി വെടിവെയ്ക്കുന്നതിന് തുല്യമാണെന്ന് പറയാതിരിക്കാനാവില്ല. പുതിയ രൂപതയും രൂപതാധ്യക്ഷനും നേരിടുന്ന വെല്ലുവിളികള്‍ നിസാരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ലേഖകന്‍ ആ വെല്ലുവിളികള്‍ നേരിട്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരു വര്‍ഷക്കാലം മുന്നോട്ടുപോയതിലെ നേട്ടങ്ങള്‍ കൂടി ചൂണ്ടിക്കാട്ടേണ്ടതായിരുന്നു.

മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ശേഷം ബ്രിട്ടണിലെ സീറോ മലബാര്‍ വിശ്വാസികള്‍ കണ്ട ഏറ്റവും വലിയ കൂട്ടായ്മയായ വാല്‍സിംഹാം തിരുന്നാളിലെ തന്റെ സന്ദേശത്തില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെന്തിനാണെന്നും എന്താണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. രൂപതാധ്യക്ഷനും അഭിഷിക്തനും വിശ്വാസികളോട് ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്താനും ആരാധിക്കാനുമായി ദൈവ പരിപാലനയാലും കൃപയാലും കിട്ടിയ വേദിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി രൂപതയുടെയും രൂപതാധ്യക്ഷന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. ബ്രിട്ടണ്‍ മുഴുവന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഓടിനടന്ന് വിശ്വാസികളെയും സഭാ പ്രവര്‍ത്തനങ്ങളേയും സംവിധാനങ്ങളേയും പരിചയപ്പെടാനും ഉണര്‍ത്തുവാനുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.

വേറിട്ട പ്രവര്‍ത്തന രീതിയുമായി വിശ്വാസികളുടെ ഇടയിലേക്ക് കടന്നുവരുന്ന രൂപതാധ്യക്ഷന്റെ ശൈലി പരക്കെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ലേഖനത്തില്‍ എടുത്തുപറഞ്ഞ പ്രധാന ആക്ഷേപം ഇടവക രൂപീകരണം വൈകുന്നുവെന്നാണ്. ഇടവകകള്‍ രൂപീകരിക്കപ്പെടണമെങ്കില്‍ വിശ്വാസികളെ സജ്ജമാക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സ്രാമ്പിക്കല്‍ പിതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മറ്റൊരു വസ്തുത സീറോ മലബാര്‍ സഭയിലെ ബ്രിട്ടണിലെ അല്‍മായര്‍ക്ക് ആവശ്യമായ ആത്മീയ സേവനം നല്‍കാനുള്ള വൈദികര്‍ ഇന്നില്ലെന്നുള്ളതാണ്. ഉള്ള വൈദികരില്‍ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് രൂപതകളുമായി ബന്ധപ്പെട്ട് ധാരാളം ചുമതലകളുണ്ട്. തങ്ങളുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം സീറോ മലബാര്‍ സഭയ്ക്ക് നല്‍കാന്‍ സാധിക്കില്ല എന്ന് ചുരുക്കം. ഇതിനു പരിഹാരമായി സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ വൈദികരേയും സന്യസ്ഥരേയും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇത് അത്ര ലളിതമായ ഒരു കാര്യമല്ല. IELTS പാസാകുക തുടങ്ങി പല കടമ്പകളുമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ലേഖകന്‍ കാണുന്നില്ല. കാരണം സഭയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നിശബ്ദമായിട്ടും ആരവങ്ങളില്ലാതെയുമായിരിക്കും. സാമൂഹിക ശാക്തീകരണവും ആത്മീയ ഉണര്‍വും ലക്ഷ്യമിട്ട് ലീഡ്‌സില്‍ നടന്ന ചാപ്ലിയന്‍സി ദിനത്തിന്റെയും ബൈബിള്‍ കലോത്സവത്തിന്റെയും വലിയ പതിപ്പുകളാണ് അടുത്ത ദിവസങ്ങളില്‍ പ്രസ്റ്റണില്‍ നടക്കുന്ന ബൈബിള്‍ കലോത്സവവും യുകെ എമ്പാടും നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളും. രൂപത രൂപീകൃതമായി ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ സീറോ മലബാര്‍ സഭയ്ക്ക് മൂന്ന് ദൈവവിളികള്‍ കണ്ടെത്താന്‍ സാധിച്ചത് ആത്മീയമായി ഉണ്ടായ ഉണര്‍വിന് തെളിവാണ്.

പഴമക്കാര്‍ പറയാറുണ്ട് ഇരുന്നിട്ടേ കാല് നീട്ടാന്‍ ശ്രമിക്കാവൂ എന്ന്. ആ അര്‍ത്ഥത്തില്‍ സഭയുടെയും രൂപതയുടെയും ബ്രിട്ടണിലെ പ്രയാണം ശരിയായ ദിശയിലാണ്. രൂപത രൂപീകൃതമായ സമയത്ത് വളരെയധികം ആരോപണങ്ങളും വിവാദങ്ങളും പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നപ്പോള്‍ മലയാളം യുകെയില്‍ ജോജി തോമസിനെപ്പോലുള്ളവര്‍ എഴുതിയ ലേഖനം വിശ്വാസികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസത്തെ ലേഖനം വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലാകാതിരുന്നത് നിര്‍ഭാഗ്യകരമായി.

വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന യുകെയിലെ ആത്മീയ മേഖലയില്‍ മറ്റൊരു വെളിച്ചപ്പാടാകാനാണോ ലേഖകന്‍ ശ്രമിച്ചത് എന്നു സംശയിക്കേണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഇടയലേഖനത്തില്‍ അഭിവന്ദ്യ പിതാവ് ‘വിളിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് സഭ”യെന്ന് ചുണ്ടിക്കാട്ടിയിരുന്നു. രക്ഷകരെ ദൗത്യത്തില്‍ പങ്കെടുക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. രക്ഷാകര ദൗത്യത്തില്‍ പങ്കുചേര്‍ന്ന് സഭയെന്ന കൂട്ടായ്മയുമായി മുന്നേറാന്‍ എല്ലാവരും സഭയോടൊപ്പം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ഇന്നിന്റെ ആവശ്യം.