യു കെ :- 2024 പാരീസ് ഒളിമ്പിക്സിലെ ട്രാക്ക് ആൻഡ് ഫീൽഡിന്റെ അവസാന രാത്രി ബ്രിട്ടന് അവിശ്വസനീയത നിറഞ്ഞതായിരുന്നു. ജോർജിയ ബെല്ലിന്റെ 1500 മീറ്റർ ഓട്ടത്തിലെ പ്രകടനമായിരുന്നു അതിനു കാരണം. തന്റെ വെങ്കല മെഡൽ നേട്ടം പുതിയ ബ്രിട്ടീഷ് റെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു ബെൽ പൂർത്തീകരിച്ചത്. 2017-ൽ അത്‌ലറ്റിക്‌സിൽ നിന്ന് വിരമിച്ചപ്പോൾ, ജോർജിയ ബെൽ തൻ്റെ ഒളിമ്പിക്സ് എന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത്, ഫിറ്റ്നസ് നിലനിർത്തുവാൻ വേണ്ടിയാണ് ബെൽ വീണ്ടും പരിശീലനം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മുഴുവൻ സമയ ജോലിക്കിടെയാണ് ബെൽ തൻ്റെ മുൻ കോച്ച് ട്രെവർ പെയിൻ്ററുമായി ബന്ധപ്പെട്ട് ചെറിയതോതിൽ പരിശീലനം ആരംഭിച്ചത്. 3.52.61 എന്ന ബെല്ലിന്റെ സമയം 1500 മീറ്ററിൽ ഇതുവരെയും ഏതൊരു ബ്രിട്ടീഷ് വനിതയും നേടിയ റെക്കോർഡിനെ തകർക്കുന്നതായിരുന്നു. മുപ്പതാം വയസ്സിൽ ബെല്ലിന്റെ ആദ്യ ഒളിമ്പിക്സ് മത്സരമായിരുന്നു ഇത്. തനിക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ബെൽ മാധ്യമങ്ങളോട് പറഞ്ഞു.
ഒളിമ്പിക്‌സിൽ 1500 മീറ്ററിൽ മൂന്ന് തവണ ചാമ്പ്യനായ കെനിയയുടെ ഫെയ്ത് കിപ്യേഗോൺ 3:51.29 എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച് സ്വർണ്ണ മെഡൽ നേടി. ഓസ്‌ട്രേലിയൻ താരം ജെസീക്ക ഹൾ 3:52.56 സെക്കൻഡിൽ വെള്ളി നേടി. പാരീസിൽ ഗ്രേറ്റ് ബ്രിട്ടന് ട്രാക്ക് ആൻഡ് ഫീൽഡിലെ മെഡലുകളിൽ പകുതിയും നേടിക്കൊടുത്തത് റിലേ ടീമുകളാണ്. ഒൻപത് ദിവസങ്ങളായി നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ ഒരു സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. രണ്ട് വെള്ളിയും 3 വെങ്കല മെഡലും മാത്രം നേടിയ ടോക്കിയോ ഒളിമ്പിക്സിലെ പ്രകടനത്തിനേക്കാൾ ബ്രിട്ടൻ വളരെയധികം മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ചവച്ചത്. 400 മീറ്റർ റിലേ മത്സരത്തിൽ , ബ്രിട്ടന്റെ സ്ത്രീ- പുരുഷ ടീമുകൾ വെങ്കലമെഡൽ നേടി. ഇതോടെ ബ്രിട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം 64ൽ എത്തി.
Leave a Reply