ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് നിലത്തു കിടന്ന ഒരാളെ മുഖത്ത് ചവിട്ടുന്ന വീഡിയോ കടുത്ത പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയർത്തിയത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന ആക്ഷേപം ശക്തമായി ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്ന് ആദ്യം ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുകയാണ്. ഇതിൽ ഒന്നിലധികം ഉദ്യോഗസ്ഥരെ പോലീസിന്റെ ആക്രമണത്തിന് വിധേയനായ വ്യക്തി ആക്രമിക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ ഉണ്ട്. പോലീസിനെ ആക്രമിക്കുകയും ക്രമസമാധാന പ്രശ്നങ്ങൾ ചെയ്തതിന്റെ തുടർച്ചയായിട്ടാണ് പ്രതിഷേധത്തിന് ഇടയായ സംഭവങ്ങൾ അരങ്ങേറിയത് എന്നാണ് വീഡിയോയിൽ ദൃശ്യമായിരിക്കുന്നത്. ഇയാളുടെ ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന്റെ മൂക്കിനും പരുക്കേറ്റിരുന്നു. ആക്രമണം, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, അതിക്രമം എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ച് നാല് പേരെ പോലീസ് അന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു.

നിലവിൽ പുറത്തുവന്നിരിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനും സംയമനം പാലിക്കാനും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ശനിയാഴ്ച, മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് മുൻ സംഭവങ്ങളുടേതെന്ന് കരുതുന്ന പുതിയ ഫൂട്ടേജ് പ്രസിദ്ധീകരിച്ചത്. ഇത് രണ്ടുവശമുള്ള സങ്കീർണമായ ഒരു പ്രശ്നമാണെന്നും അതുകൊണ്ട് വിധി പറയാൻ തിടുക്കം കൂട്ടരുതെന്നും ഗ്രേറ്റർ മാഞ്ചസ്റ്ററിൻ്റെ മേയർ ആൻഡി ബേൺഹാം ഒരു പ്രസ്താവനയിൽ പറഞ്ഞു.പോലീസിന്റെ ആക്രമണത്തിന് ഇരയായ വ്യക്തിയുടെ കുടുംബം കൂടുതൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.