ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്റർ : ഗ്രേറ്റർ മാഞ്ചസ്റ്റർ വെള്ളിയാഴ്ച മുതൽ ടയർ 3 നിയന്ത്രണങ്ങൾ നേരിടുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സ്ഥിരീകരണം. സർക്കാരും പ്രാദേശിക നേതാക്കളും തമ്മിലുള്ള ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്നാണ് പ്രധാനമന്ത്രി ഇടപെട്ടത്. പ്രദേശത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ബോറിസ് ജോൺസൺ ഏർപ്പെടുത്തുന്നത്. ചർച്ചകളിൽ നിന്ന് സർക്കാർ പിന്നോട്ട് നീങ്ങിയതായി ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടത്ര പിന്തുണ പ്രാദേശിക നേതാക്കൾക്ക് സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ടയർ 3 നിയന്ത്രണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിൽ സർക്കാരിന്റെ ജോബ് സപ്പോർട്ട് സ്കീമും യൂണിവേഴ്സൽ ക്രെഡിറ്റിലേക്കുള്ള പ്രവേശനവും ഉൾപ്പെടെ സമഗ്രമായ പിന്തുണാ പാക്കേജ് നിലവിലുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. പുതിയ നടപടികൾ നടപ്പാക്കാൻ ഗ്രേറ്റർ മാഞ്ചസ്റ്ററിന് 22 മില്യൺ പൗണ്ട് ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ പിന്തുണയ്‌ക്ക് പുറമേ, മാഞ്ചസ്റ്ററിന്റെ ബിസിനസുകളെ പിന്തുണയ്‌ക്കുന്നതിനുള്ള ഉദാരവും വിപുലവുമായ ഓഫർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 60 മില്യൺ പൗണ്ടിന്റെ പിന്തുണ ലഭിക്കും. ടയർ 3 ലെ മറ്റ് പ്രദേശങ്ങൾക്ക് ഞങ്ങൾ നൽകിയ പിന്തുണയ്ക്ക് സമാനമാണ് ഇതെന്നും എന്നാൽ പ്രാദേശിക നേതാക്കൾ ഇത് സ്വീകരിച്ചില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിസിനസ് പിന്തുണയെക്കുറിച്ച് വരും ദിവസങ്ങളിൽ പ്രാദേശിക നേതാക്കളുമായി കൂടുതൽ ചർച്ചകൾക്ക് ശ്രമിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ടയർ 3 ലേക്ക് നീങ്ങുമ്പോൾ ലിവർപൂൾ സിറ്റി റീജിയന് 44 മില്യൺ പൗണ്ടും ലങ്കാഷെയറിന് 42 മില്യൺ പൗണ്ടും ലഭിച്ചിരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ന്യായീകരിച്ച ജോൺസൺ, പ്രവർത്തിക്കാൻ പരാജയപ്പെടുന്നത് വലിയ രോഗവ്യാപനത്തിൽ കലാശിക്കുമെന്ന് അറിയിച്ചു. “ഒരു കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിലും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയറും കൗൺസിൽ നേതാക്കളും ഈ നടപടികൾ നടപ്പിലാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ജോൺസൻ പറഞ്ഞു.

സൗത്ത് യോർക്ക്ക്ഷയർ, വെസ്റ്റ് യോർക്ക്ക്ഷയർ, നോട്ടിംഗ്ഹാംഷെയർ, നോർത്ത് ഈസ്റ്റ് എന്നീ പ്രദേശങ്ങളെയും വെരി ഹൈ അലേർട്ട് ലെവലിലേക്ക് മാറ്റാനുള്ള ചർച്ചകൾ നടന്നുവരികയാണ്. ടയർ 3 ലേക്ക് നീങ്ങുന്ന ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഭക്ഷണം വിളമ്പാത്ത പബ്ബുകളും ബാറുകളും അടച്ചിടും. വാതുവയ്പ്പ് ഷോപ്പുകൾ, കാസിനോകൾ, ബിങ്കോ ഹാളുകൾ, അഡൾട് ഗെയിമിംഗ് സെന്റേ ഴ്സ്, സോഫ്റ്റ് പ്ലേ ഏരിയകൾ എന്നിവയും അടയ്ക്കും. വീടുകളിലും പുറത്തും ഒത്തുചേരുന്നതിനും വിലക്കുണ്ട്. അതേസമയം 21,331 കൊറോണ വൈറസ് കേസുകളാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്. പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം 28 ദിവസത്തിനുള്ളിൽ 241 പേർ കൂടി മരിച്ചു.