ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയവര്‍ ആക്രമണത്തിന് അഞ്ച് ദിവസം മുമ്പ് ഒരു ജിമ്മില്‍ കണ്ടുമുട്ടി. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ സംസാരിച്ചു നില്‍ക്കുന്നത് വ്യക്തമാണ്. ആക്രമികളിലൊരാളായ ഖുറം ഭട്ട് ജോലി ചെയ്തിരുന്ന ജിമ്മിനു മുമ്പില്‍ ഇവര്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. റാചിദ് റെദോവാന്‍, യൂസഫ് സഗാബ എന്നിവരാണ് ഒപ്പമുള്ളതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തിനിടെ ഇവര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ബാര്‍ക്കിംഗിലുള്ള ഉമര്‍ ഫിറ്റ്‌നസ് സെന്റര്‍ എന്ന ജിമ്മിലാണ് ഖുറം ജോലി ചെയ്തിരുന്നത്. ടൈംസ് പുറത്തുവിട്ട ദൃശ്യങ്ങൡ ഇവര്‍ മൂന്നുപേരും ക്യാമറയുടെ പരിധിയില്‍ നിന്ന് പുറത്തേക്ക് നടന്നുപോകുന്നത് വ്യക്തമാണ്. തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്. വെളുത്ത ട്രാക്ക് സ്യൂട്ട് ധരിച്ചിരുന്ന റെദോവാന്‍ തന്റെ മൊബൈല്‍ ഫോണ്‍ ഒരു പ്ലാസ്റ്റിക് ബാഗിനു മുകളില്‍ വെച്ച ശേഷമാണ് ഇവിടെ നിന്ന് മാറുന്നത്. 10 മിനിറ്റിനു ശേഷം ഇവര് തിരികെ വന്ന് ഫോണ്‍ എടുത്തുകൊണ്ട് പോകുന്നതും കാണാം.

ഫുട്ടേജിന്റെ അവസാനം ഖുറം ജിമ്മിലേക്ക് കയറിപ്പോകുന്നതും മറ്റ് രണ്ടുപേര്‍ പുറത്തേക്ക് പോകുന്നതും കാണാം. ആക്രമണത്തിനു ശേഷം അതിനെ അപലപിച്ചുകൊണ്ട് ജിം അധികൃതര്‍ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെ കൊല്ലുന്നത് ന്യായീകരിക്കാനാവില്ലെന്ന് പറയുന്ന പ്രസ്താവനയില്‍ തങ്ങള്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരങ്ങള്‍ നല്‍കാറുണ്ടെന്നും വ്യക്തമാക്കുന്നു.

ബട്ട് ഇവിടെ പരിശീലനം നടത്താറുണ്ടെങ്കിലും അയാളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ തങ്ങള്‍ക്ക് ഇല്ലെന്നാണ് ജിം അറിയിക്കുന്നത്. തീവ്രവാദവുമായി അയാള്‍ക്ക് എന്തെങ്കിലും ബന്ധമുള്ളതായി തോന്നിയിട്ടില്ല. അങ്ങനെ തോന്നിയിരുന്നെങ്കില്‍ തീര്‍ച്ചയായും പോലീസില്‍ വിവരമറിയിക്കുമായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.