ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ കാര്‍പാര്‍ക്കിംഗ് ഫീസുകള്‍ ക്രിസ്തുമസ് കാലത്തും കുറയില്ലെന്ന് ഉറപ്പായി. ആശുപത്രി മാനേജ്‌മെന്റുകള്‍ ഈ കനത്ത ഫീസുകള്‍ കുറക്കാന്‍ തയ്യാറില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇത്. മണിക്കൂറിന് 3.50 പൗണ്ടാണ് ആശുപത്രികളില്‍ പാര്‍ക്കിംഗിന് ഈടാക്കുന്നത്. ഇവ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ 80 പൗണ്ട് വരെ പിഴയായി ഈടാക്കുകയും ചെയ്യുന്നു. കാര്‍പാര്‍ക്കിംഗിലൂടെ കഴിഞ്ഞ വര്‍ഷം 120 മില്യന്‍ പൗണ്ടാണ് എന്‍എച്ച്എസ് ആശുപത്രികള്‍ സമ്പാദിച്ചത്. ചില പാര്‍ക്കുകള്‍ സ്വകാര്യ വ്യക്തികളാണ് നിയന്ത്രിക്കുന്നത്.
രോഗികളില്‍ നിന്ന് അനാവശ്യമായി പണം പിടുങ്ങുന്നത് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ചില ആശുപത്രികള്‍ പാര്‍ക്കിംഗ് ഫീസുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ 3.6 മില്യന്‍ പൗണ്ട് സമ്പാദിച്ച ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റും 3 മില്യന്‍ പൗണ്ട് സമാഹരിച്ചി യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സും ഈ ഫീസുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്.
സ്റ്റോക്ക്‌പോര്‍ട്ടിലെ സ്‌റ്റെപ്പിംഗ് ഹില്‍ ഹോസ്പിറ്റല്‍ 3.5 പൗണ്ട് എന്ന ഫീസ് നടപ്പാക്കാന്‍ ഒരുങ്ങുന്നു. എസെക്‌സ് ആന്‍ഡ് ഗയ്‌സിലെ ബേസില്‍ഡണ്‍, തറോക്ക് ആശുപത്രികള്‍ തങ്ങളുടെ മണിക്കൂറിന് 3 പൗണ്ട് എന്ന പാര്‍ക്കിംഗ് ഫീസ് ക്രിസ്തുമസ് ദിവസത്തേക്ക് ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്. രോഗികളുടെയും കാര്‍പാര്‍ക്കുകളുടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഈ പണം ഉപയോഗിക്കുന്നതെന്നാണ് ട്രസ്റ്റുകള്‍ ന്യായീകരിക്കുന്നത്.
Leave a Reply