ഗീത ചേച്ചിയുടെ കല്യാണം : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 46

ഗീത ചേച്ചിയുടെ കല്യാണം : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 46
December 20 01:24 2020 Print This Article

ഡോ. ഐഷ വി

നാലാം ക്ലാസ്സ് കഴിഞ്ഞ വെക്കേഷൻ സമയത്താണ് ഗീത ചേച്ചിയുടെ അമ്മ ഗീത ചേച്ചിയുടെ കല്യാണം ക്ഷണിക്കാൻ വന്നത്. ഞാനും അനുജനും ചിരവാത്തോട്ടത്തെ പറങ്കിമാങ്ങകളൊക്കെ തിന്ന് തീവണ്ടി കളിച്ച് നടക്കുകയായിരുന്നു. അനുജൻ മുമ്പിൽ എഞ്ചിനാണ്. ഞാൻ ബോഗിയും. അവൻ ടെയിൻ ഓടുന്ന ശബ്ദമുണ്ടാക്കുന്നുണ്ട്. എന്റെ ഒരു കൈയ്യിൽ പാതി കടിച്ച കശുമാങ്ങയുണ്ട്. ഒരു കൈ അനുജന്റെ ഷർട്ടിൽ പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ തീവണ്ടി മുറ്റത്തേയ്ക്ക് കയറിയപ്പോൾ യശോധര വല്യമ്മച്ചി പോകാനിറങ്ങുകയായിരുന്നു. വല്യമ്മച്ചി ഞങ്ങളോടായി പറഞ്ഞു. മക്കൾ ഇപ്പോൾ എത്തിയതു കൊണ്ട് കാണാൻ പറ്റി. വെയിലും കൊണ്ട് കാടോടി ആകെ വൃത്തികേടായല്ലോ. നിങ്ങളുടെ ചേച്ചിയുടെ കല്യാണമാണ്. കല്യാണത്തിന് എല്ലാവരും തലേന്നേ അങ്ങ് വരണം. ഞങ്ങൾ തലയാട്ടി. കുട്ടികളെ പരിഗണിച്ച് പ്രത്യേകം ക്ഷണിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. സാധാരണ ഗതിയിൽ പലരും മുതിർന്ന വരോടെ കാര്യങ്ങൾ പറയാറുണ്ടായിരുന്നുള്ളൂ. ആദ്യമായാണ് ക്ഷണക്കത്തുമായി വന്ന ഒരാൾ ഞങ്ങൾ കുട്ടികളെ പരിഗണിച്ചത്. ഏതു നല്ല കാര്യത്തിനായാലും കുട്ടികളെ പരിഗണിച്ചാൽ അവർ അക്കാര്യം ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. അതിന്റെ നന്ദി അവർക്ക് കാണുകയും ചെയ്യും. അങ്ങനെ ഞങ്ങൾ കുട്ടികൾക്ക് പ്രാധാന്യം നൽകി ക്ഷണിച്ചിട്ടുള്ളവരാണ് പരേതരായ കൗസല്യ വല്യമ്മച്ചി , സുഗുണ കുഞ്ഞമ്മ, ആലു വിളയിലെ ശ്രീലത ചേച്ചി എന്നിവർ. അച്ഛന്റെ കൂടെ ഞങ്ങൾ എവിടെയെങ്കിലും പോവുകയാണെങ്കിൽ അച്ഛൻ മറ്റുള്ളവർക്ക് ഞങ്ങളെ പരിചയപ്പെടുത്തുമായിരുന്നു. തിരിച്ച് അവരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരും. അങ്ങനെ അച്ഛന്റെ ധാരാളം ബന്ധുക്കളെയും പരിചയക്കാരേയും അറിയാനിടയായി.

അമ്മ ഞങ്ങൾക്ക് യശോധര വല്യമ്മച്ചിയുമായുള്ളബന്ധം പറഞ്ഞു തന്നു. പിന്നെ ഞങ്ങൾ വിവാഹത്തിൽ പങ്കെടുക്കാമെന്ന സന്തോഷത്തോടെ ആ ദിവസവും കാത്തിരിപ്പായി. ഗീത ചേച്ചിയുടെ കല്യാണക്കുറി ഞാൻ തിരിച്ചും മറിച്ചും നോക്കി. അതുവരെ കണ്ട കല്യാണക്കുറികളേക്കാൾ വളരെ ആർഭാടമായി ആറേഴ് പേജുള്ള കല്യാണക്കുറി. നല്ല ഭംഗിയുണ്ടായിരുന്നു. കടും നീല നിറത്തിലും സ്വർണ്ണ വർണ്ണത്തിലും ഒക്കെ താളുകളും അക്ഷരങ്ങളും . താളുകൾ കെട്ടാൻ സ്വർണ്ണ വർണ്ണമുള്ള നൂല് . നൂലിന്റെ തുമ്പിൽ കിന്നരി . ആകെ കൂടി ആ ക്ഷണക്കത്ത് എന്റെ മനസ്സിൽ നിറം മങ്ങാതെ നിന്നു. വർഷങ്ങൾ കഴിഞ്ഞ് ആരുടേയോ വിവാഹ ക്ഷണക്കത്ത് കിട്ടിയപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു. ഗീത ചേച്ചിയുടെ വിവാഹ ക്ഷണക്കത്ത് ഇതുപോലെ മനോഹരമായിരുന്നു എന്ന്. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു. ക്ഷണക്കത്തിന്റെ ഭംഗിയിലല്ല കാര്യം ജീവിതം മനോഹരമായി ജീവിയ്ക്കുന്നതിലാണെന്ന്. ഇന്ന് കൊറോണക്കാലത്ത് ആർഭാടങ്ങളില്ലാതെ ഒരു ക്ഷണക്കത്തു പോലുമടിയ്ക്കാതെ വിവാഹം നടത്താൻ നമ്മൾ പഠിച്ചിരിക്കുന്നു.

ഗീത ചേച്ചിയുടെ കല്യാണത്തിലേയ്ക്ക് മടങ്ങി വരാം. അങ്ങനെ ഞങ്ങൾ കാത്ത് കാത്തിരുന്ന ഗീത ചേച്ചിയുടെ കല്യാണ ദിവസത്തിന്റെ തലേ ദിവസം വന്നു ചേർന്നു. അപരാഹ്നമെത്തിയപ്പോൾ അമ്മ ഞങ്ങളെ മൂന്നുപേരേയും കുളിപ്പിച്ചൊരുക്കി. അച്ഛൻ അന്ന് കാസർഗോഡായിരുന്നു. ഞങ്ങൾക്ക് വിവാഹ ദിവസം ഇടാനുള്ള വസ്ത്രം കൂടി അമ്മ കരുതിയിരുന്നു. അമ്മ ഞങ്ങളേയും കൊണ്ട് കല്ലുവാതുക്കലേയ്ക്ക് തിരിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ അന്ന് ബസ്സില്ലായിരുന്നു. അതിനാൽ മൂലക്കടയെത്തിയ ശേഷം യക്ഷിപ്പുര നടവഴി വയലിലൂടെ നടന്നാണ് കല്ലുവാതുക്കൽ ജംഗഷനിൽ എത്തിയത്. ബസ്സ് കാത്ത് കുറേ നേരം നിൽക്കേണ്ടി വന്നു. ഇതിനിടയ്ക്ക് ഒരാൾ അമ്മയോട് വന്ന് സംസാരിച്ചു. ഒരു മുൻ അധ്യാപകനും നക്സലൈറ്റും ആയിരുന്നു അദ്ദേഹമെന്ന് അമ്മ പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഒരു ബസ്സെത്തി . ഞങ്ങൾ കൊട്ടിയം ജങ്ഷനിലെത്തി. കൊട്ടിയം ജംഗ്ഷനിൽ അന്ന് ഉപയോഗശൂന്യമായ ഒരു പഞ്ചായത്ത് കിണർ റോഡരികിൽ ഉണ്ടായിരുന്നു. കൊട്ടിയത്തെ പഴയ പോലീസ് സ്റ്റേഷന്റെ അടുത്തുള്ള വഴിയിലൂടെ വയലരികിലെത്തി. അമ്മ ആരോടോ കളീലിൽ കണ്ണു വൈദ്യരുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചു. അവർ ചുണ്ടിക്കാട്ടിയ വഴിയേ ഞങ്ങൾ വയൽ കടന്നു. വിവാഹം നടക്കുന്ന ഗൃഹത്തിലെത്തി. യശോധര വല്യമ്മച്ചിയുടെ അച്ഛന്മമാരുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം. മുറ്റത്ത് വിവാഹപന്തൽ , സദ്യ വിളമ്പാൻ മറ്റൊരു പന്തൽ പിന്നെ പാചകപ്പുരയും കലവറയും. കാപ്പി കുടി കഴിഞ്ഞ് ഞാനും അനുജനും അവിടൊക്കെ കറങ്ങി നടന്ന് കണ്ടു. മുറ്റത്തിന്റെ ഒരു കോണിൽ പന്തലിന് വെളിയിൽ നിന്ന നിറയെ കായ്കളോടു കൂടിയ ഒരു മാതളത്തെ ഞാനും അനുജനും നോട്ടമിട്ടു. അനുജത്തി എപ്പോഴും അമ്മയോടൊപ്പമായിരുന്നു. അകത്തെ മുറികളിൽ വരികയും പോവുകയും ചെയ്യുന്നവരുടെ തിരക്ക്. ഇടയ്ക്കെപ്പോഴോ അമ്മ അവിടത്തെ സ്വീകരണ മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരു ഫോട്ടോ കാണിച്ചു തന്നു. ഗീത ചേച്ചിയുടെ ഒരു കുഞ്ഞമ്മയുടെ ഗ്രാജുവേഷൻ സെറിമണിയുടെ ഫോട്ടോയായിരുന്നു അത്. ബിരുദദാന ചടങ്ങിലാണ് അങ്ങനെ തൊപ്പിയും ഗൗണുമൊക്കെയായി ഫോട്ടോയെടുക്കുന്നതെന്ന് അമ്മ പറഞ്ഞു തന്നു. അപ്പോൾ ഒരു ഗ്രാജ് വേറ്റാകാൻ എനിക്ക് ആഗ്രഹമുദിച്ചു. ( പിൽക്കാലത്ത് യൂണിവേഴ്സിറ്റികൾ ആ ചടങ്ങ് നിർത്തലാക്കിയതിനാൽ ഞങ്ങളുടെ സമയമായപ്പോൾ ആ ചടങ്ങില്ലായിരുന്നു.) അപ്പോൾ ഞാൻ അമ്മയോട് ഗീത ചേച്ചി ഗ്രാജ് വേറ്റാണോയെന്ന് ചോദിച്ചു. പ്രീഡിഗ്രി കഴിഞ്ഞു. 19 വയസ്സേ ആയുള്ളൂ. ഗ്രാജ് വേറ്റല്ലെന്ന് അമ്മ പറഞ്ഞു. ആ സമയത്താണ് കൗസല്യ വല്യമ്മച്ചിയും സത്‌ലജ് ചേച്ചിയും അകത്തേയ്ക്ക് വന്നത്. ഇനി ഇതുപോലെ സത് ലജിന്റെ കല്യാണത്തിന് കൂടാമെന്ന് അമ്മ പറഞ്ഞപ്പോൾ കൗസല്യ വല്യമ്മച്ചി പറഞ്ഞു. പഠിച്ച് ജോലിയൊക്കെയായിട്ടേ മോളുടെ കല്യാണം നടത്തുന്നുള്ളൂയെന്ന്. ഞാനും അപ്പോൾ തീരുമാനിച്ചു. എനിക്കും ജോലി നേടിയിട്ട് മതി വിവാഹമെന്ന്. ഗീത ചേച്ചി സത് ലജ് ചേച്ചിയേക്കാൾ ഇളയതാണെന്ന് ആ സംഭാഷണത്തിനിടയിൽ എനിക്ക് മനസ്സിലായി. പിന്നീട് സത് ലജ് ചേച്ചി എം എസ്സി കെമിസ്ട്രിയൊക്കെ കഴിഞ്ഞ് കോളേജധ്യാപികയായി മാറി.

അന്ന് രാത്രി അവിടെ നിന്ന് അത്താഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ തങ്ങി. ആ വീടിന്റെ പ്രധാന ഗൃഹ ഭാഗത്തു നിന്നും വിട്ടു നിൽക്കുന്ന രീതിയിലായിരുന്നു അടുക്കള . അടുക്കളയും പ്രധാന ഗൃഹവും രണ്ടതിരുകളിടുന്ന മുറ്റത്ത് ഭിത്തി കെട്ടി വാതിലുകൾ പിടിപ്പിച്ച രണ്ടതിരുകൾ കൂടിയുണ്ടായിരുന്നു. മുറ്റത്ത് കഴുകിയുണക്കാൻ വയ്ക്കുന്ന പാത്രങ്ങൾ ആക്രി പെറുക്കുന്നവരും മറ്റുള്ളവരും കൊണ്ടുപോകില്ലെന്നും ഭിത്തിയിലുള്ള വാതിലുകൾ അടച്ചാൽ രാത്രി സ്ത്രീ ജനങ്ങൾക്ക് അടുക്കളയിൽ പോകാനും തിരികെ പ്രധാന ഗൃഹത്തിലെത്താനും സൗകര്യമുള്ള ഒരു നിർമ്മിതിയാണ് ഇതെന്ന് എനിക്ക് തോന്നി. പഴയ കാലത്തെ അടുക്കളയിലുള്ള കരിയും അഴുക്കും പുകയുമൊന്നും പ്രധാന ഗൃഹത്തിൽ എത്തുകയുമില്ല. ഗീത ചേച്ചിയുടെ അമ്മയുടെ അമ്മയും കുഞ്ഞമ്മമാരും അടുക്കള കാര്യത്തിന് നേതൃത്വം നൽകി.

അത്താഴം കഴിഞ്ഞ് അനുജത്തിയെ ഉറക്കി കിടത്തിയിട്ട് അമ്മ എന്നെയും അനുജനേയും കൂട്ടി പാചകം ചെയ്യുന്നിടത്തേയ്ക്ക് പോയി. പാചകക്കാര്യം ബന്ധുക്കളും അയൽപക്കക്കാരുമായി ധാരാളം പേർ അവിടെ ജോലി ചെയ്യാൻ ഉണ്ടായിരുന്നതിനാൽ അമ്മയ്ക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. എല്ലാറ്റിനും മേൽനോട്ടം വഹിച്ച് ഗീത ചേച്ചിയുടെ അമ്മയുടെ അച്ഛൻ അവിടെയുണ്ടായിരുന്നു. അതിഥികൾ പോയിക്കഴിഞ്ഞപ്പോൾ അന്നവിടെ തങ്ങാനുദ്ദേശിച്ച അതിഥികളും ഞങ്ങളും അവിടെ ഉറങ്ങി. ഞങ്ങളും ഗീത ചേച്ചിയും ഒരു മുറിയിലാണ് കിടന്നത്.

പിറ്റേന്ന് രാവിലേ തന്നെ അമ്മ ഞങ്ങളെ കുളിപ്പിച്ചൊരുക്കിയ ശേഷം അമ്മ കുളിക്കാനായി കയറി. ആ സമയത്ത് അനുജനും ഞാനും കൂടി നേരെ മാതളത്തിന്റെ അടുത്തെത്തി. ഒന്നുരണ്ട് കായ്കൾ പിച്ചി കല്ലു കൊണ്ട് ഇടിച്ച് പൊട്ടിച്ച് കഴിച്ചു. അമ്മ കുളി കഴിഞ്ഞിറങ്ങിയപ്പോൾ കാണുന്നത് ഞങ്ങൾ വസ്ത്രത്തിൽ മാതളത്തിന്റെ കറയും പറ്റിച്ച് നിൽക്കുന്നതാണ്. ഞങ്ങൾക്ക് രണ്ടു പേർക്കും ചെവിയിൽ നല്ല കിഴുക്ക് കിട്ടി. പിന്നെ ഞങ്ങൾ പ്രാതൽ കഴിച്ച് വിവാഹ പന്തലിൽ എത്തി. അവിടെ കല്യാണ മണ്ഡപത്തിലെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു . ഗീത ചേച്ചിയുടെ അച്ഛന്റെ ഫ്രെയിം ചെയ്ത വലിയ ഒരു ഫോട്ടോ ഒരാൾ കൊണ്ടുവന്ന് മണ്ഡപത്തിനടുത്തായി ഒരു മേശമേൽ സ്ഥാപിച്ചു. പൂമാലയണിയിച്ച് ഒരു ചന്ദനത്തിരിയും കൊളുത്തിവച്ചു. അപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു: ഗീതയുടെ അച്ഛന്റെ ഫോട്ടോയാണ്. സിങ്കപ്പൂരിൽ വച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചതാണെന്ന്. അതു പറയുമ്പോൾ അമ്മയുടെ കണ്ണിൽ ഒരു കണ്ണീർക്കണം വന്നു. വിവാഹ മണ്ഡപത്തിന് തൊട്ടടുത്തായാണ് ഞങ്ങൾ ഇരുന്നത്. കല്യാണം നന്നായി കാണാൻ. അന്ന് വിവാഹങ്ങൾക്ക് വീഡിയോ ഗ്രാഫി പതിവില്ല. ഫോട്ടോ മാത്രമേയുള്ളൂ. അതും മിക്കവാറും എല്ലാം ബ്ലാക്ക് ആന്റ് വൈറ്റ്. ഡിജിറ്റൽ ഫോട്ടോഗ്രാഫിയൊന്നും അന്ന് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ നിറമുള്ള ഓർമ്മകൾ നിറഞ്ഞു നിന്നിരുന്ന കാലം. വരനും കൂട്ടരും എത്തി. വിവാഹം മംഗളമായും സദ്യ വിഭവ സമൃദ്ധമായും നടന്നു. സദ്യ കഴിഞ്ഞ് വരന്റേയും കൂട്ടരുടേയും ഒപ്പം ഗീത ചേച്ചിയും പോയിക്കഴിഞ്ഞേ ഞങ്ങൾ തിരികെ പോന്നുള്ളൂ. കാസർഗോട്ടു നിന്നും നാട്ടിലെത്തിയ ശേഷമുള്ള ആദ്യ വിവാഹം കൂടലായിരുന്നു അത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles