ന്യൂസ് ഡെസ്ക്, മലയാളം യുകെ

താൻ ജോലി ചെയ്തിരുന്ന സ്ഥലത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് കുട്ടികളുടെ അമ്മയായ ഇന്ത്യൻ വംശജയായ യുവതിക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചു. 44 വയസ്സുകാരിയായ ഹേമലത ജയപ്രകാശ് സിറ്റി സെന്റർ ആസ്ഥാനമായുള്ള നോർത്ത്വുഡ് എസ്റ്റേറ്റ് എന്ന കമ്പനിയിലാണ് 12 വർഷമായി ജോലി ചെയ്തിരുന്നത് . 2012 ൽ അക്കൗണ്ട്സ് മാനേജരായും പിന്നീട് ഓഫീസ് മാനേജരായും പിന്നീട് ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റൻ്റായും നിയമതിയായ ഹേമലത ആരെയും ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ് നടത്തിയത്. കമ്പനിയിൽ ജോലി ചെയ്യുന്ന വിവിധ കാലഘട്ടത്തിൽ ഏകദേശം 166, 000 പൗണ്ട് തട്ടിയെടുത്തതായാണ് കേസ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023 ഡിസംബറിൽ ആണ് കമ്പനി ഡയറക്ടർ നിൽ റഹാൻ 26000 പൗണ്ടിന്റെ വ്യത്യാസം കമ്പനി അക്കൗണ്ടുകളിൽ കണ്ടെത്തിയത്. കമ്പനിയുടെ ബിസിനസ് ക്ലൈൻഡ് അക്കൗണ്ടുകളിൽ നിന്ന് ഡസൻ കണക്കിന് നിയമവിരുദ്ധമായ ട്രാൻസ്ഫറുകൾ തന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയാണ് ഹേമലത തട്ടിപ്പ് നടത്തിയത്. 2018 -ൽ താൻ വാങ്ങിയ ഒരു മില്യൺ പൗണ്ടിന്റെ വിലയുള്ള വസതിയിൽ താമസിക്കുകയും എട്ട് വീടുകൾ വാടകയ്ക്ക് നൽകുകയും ചെയ്യുന്ന ആളാണെന്ന് പ്രതിയെന്ന് കോടതി നിരീക്ഷിച്ചു . കടുത്ത അത്യാഗ്രഹം മൂലമുള്ള വഞ്ചനയാണ് ഹേമലത നടത്തിയത് എന്നാണ് കോടതി പറഞ്ഞത്.


തൻറെ സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച ഹേമലതയ്ക്ക് രണ്ട് വർഷവും മൂന്നുമാസവും തടവാണ് ബർമിംഗ്ഹാം ക്രൗൺ കോടതി വിധിച്ചത്. തൻറെ കുട്ടികൾക്ക് സ്കൂൾ ഫീസ് അടയ്ക്കാനും ഇന്ത്യയിലെ ബന്ധുക്കൾക്ക് അയയ്ക്കാനുമായാണ് പണം ഉപയോഗിച്ചതെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്. താൻ മോഷ്ടിച്ച പണത്തിന്റെ ഭൂരിഭാഗവും തിരികെ നൽകിയെന്ന് ഹേമലത വിചാരണ വേളയിൽ പറഞ്ഞിരുന്നു . കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ പ്രതി ഭർത്താവും രണ്ട് കുട്ടികൾക്കും ഒപ്പമാണ് യുകെയിൽ താമസിച്ചിരുന്നത്.