കോട്ടയം: ഭാരത സർക്കാരിൻ്റെ കീഴിലുള്ള മഹാത്മ ഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ ഗ്രീൻ ചാമ്പ്യൻ പുരസ്ക്കാരം കോട്ടയം സി.എം എസ്. കോളജിന് ലഭിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ (ഐ.എ.എസ്) യിൽ നിന്നും പ്രിൻസിപ്പാൾ ഡോ. വർഗ്ഗീസ് സി.ജോഷ്വാ പുരസ്ക്കാരം സ്വീകരിച്ചു.ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജോജി പണിക്കർ ,വൈസ് പ്രിൻസിപ്പാൾ പ്രൊഫ.സിനി റേച്ചൽ മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറി ബെഞ്ചമിൻ ബെയ്‌ലിയാണ് ഭാരതത്തിലെ ആദ്യ കലാലയമായ സി.എം.എസ് കോളേജിന്റെ സ്ഥാപകൻ. 204 വർഷം പഴക്കമുള്ള ഈ ക്യാമ്പസിൽ 560 ൽ പരം ഇനം മരങ്ങളാണ് ഉള്ളത്. അപൂർവ്വ ഇനം മരങ്ങൾ എന്ന് വനം വകുപ്പിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തിയ മരങ്ങൾ വരെ ഈ ക്യാമ്പസിൽ ഉണ്ട്. വൃക്ഷങ്ങൾക്ക് ക്യൂ ആർ കോഡ് ഉൾപെടുത്തിയിട്ടുള്ളതിനാൽ സ്കാൻ ചെയ്താൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വൃക്ഷങ്ങളെ പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ലഭിക്കും.
കോട്ടയം നഗരത്തിലെ മിക്ക സ്ഥലങ്ങളിലേക്കുമുള്ള ശുദ്ധജലം ശേഖരിച്ചിരിക്കുന്നത് സി.എം.എസ്സിന്റെ വിസ്തൃതമായ കാമ്പസ്സിലെ വനപ്രദേശത്താണ്. ഒരുപക്ഷേ ഏറ്റവുമധികം ശുദ്ധവായു ലഭിക്കുന്ന ഹരിതാഭമായ കാമ്പസും ഇതുതന്നെയാവണം.കലാലയരാഷ്ട്രീയത്തിന്റെ കാര്യത്തിലും ഒട്ടുവളരെ പാരമ്പര്യം അവകാശപ്പെടാൻ ഈ കാമ്പസിനുണ്ട്. ഈ ചരിത്രത്തെയൊക്കെ തനിമയോടെ നിലനിർത്തണമെന്നുള്ള ചിന്തയാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എപ്പോഴും.ശോഷിച്ചുവരുന്ന കാമ്പസിലെ വന്യസൗന്ദര്യത്തെ പരിപോഷിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഏറെ ശ്രമങ്ങളും നടത്തുന്നു.
മഹത്തായ ഇരുനൂറാം വാർഷികം ഇവർ ആഘോഷിച്ചത് നാട്ടിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന അമ്പതോളം വൃക്ഷ ജനുസുകളുടെ ഇരുനൂറ് തൈകൾ ക്യാമ്പസിലും സമീപപ്രദേശങ്ങളിലും നട്ടുകൊണ്ടാണ്. ‘ഒറ്റ ദിവസത്തേക്കുള്ള പ്രകൃതിസ്നേഹത്തിൽ വിശ്വാസമില്ല.സംരക്ഷിക്കപ്പെടാത്ത ഒരു മരവും ഞങ്ങൾ നടില്ല ‘എന്ന പ്രഖ്യാപനത്തിൽ തന്നെ പ്രകൃതിയോടുള്ള അവരുടെ സമീപനം വ്യക്തമാണ്. സ്വാതന്ത്യ സമരത്തിൻ്റെ പങ്കാളിത്തം അടക്കം രാജ്യത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായമെഴുതിയ കോട്ടയം സി.എം.സ് കോളജ് പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് എക്കാലവും ഒരു പ്രകാശഗോപുരമായി നില്ക്കട്ടെയെന്ന് ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള ആശംസിച്ചു.
Leave a Reply