2050 ഓടെ യുകെയെ ഹരിത രാജ്യമാക്കാൻ ഒരു ട്രില്യൺ പൗണ്ടിന്റെ വൻ പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി നികുതിയും ഉപഭോക്തൃ ചെലവുകളും ഉയരുമെന്നാണ് ട്രഷറിയുടെ മുന്നറിയിപ്പ്. ഇത് പണപ്പെരുപ്പത്തിനും ഉയർന്ന നികുതികൾക്കും ഇടയാക്കുമെന്നും ചാൻസലർ റിഷി സുനക് പറയുന്നു.
എന്നാൽ സമ്പൂർണ ഹരിത രാജ്യമാകാനുള്ള ആഗ്രഹത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ട്രഷറി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.നെറ്റ് സീറോ ലക്ഷ്യം കൈയ്യെത്തിപ്പിടിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ പോരാട്ടം ശക്തമാക്കാനുമുള്ള വിശദമായ നിർദ്ദേശങ്ങൾ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
കാർബൺ ബഹിർഗമനം കു റയ്ക്കുന്നതിൻ്റെ ഭാഗമായി മൂലധന ചെലവിൽ മാത്രം പ്രതിവർഷം 60 ബില്യൺ പൗണ്ട് ചിലവാകുമെന്നാണ് എകദേശ കണക്ക്. ഗ്യാസ് ബോയിലറുകൾ ഉപേക്ഷിക്കാൻ വീട്ടുകാർ നിർബന്ധിതരാകുന്നതിനാൽ, ബില്ലുകൾ ഉയരുന്നതിനുള്ള സാധ്യതയുമുണ്ട്.
പ്രതിവർഷം 50 ശതമാനത്തിലധികം വർദ്ധനവായിരിക്കും കുടുംബങ്ങൾ ചുമക്കേണ്ടി വരിക എന്നാണ് ഇത് അർഥമാക്കുന്നത്. ഹീറ്റ് പമ്പുകൾ ചെലവേറിയതും സാധാരണക്കാർക്ക് അനുയോജ്യമാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. ട്രഷറി ഒരു തവണ 5,000 പൗണ്ട് സബ്‌സിഡി നൽകാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇൻസ്റ്റലേഷൻ കൂടി കണക്കിലെടുക്കുമ്പോൾ ഈ ആനുകൂല്യം വളരെ കുറവാണ്. മാത്രമല്ല മൂന്ന് വർഷത്തേക്ക് പ്രതിവർഷം 30,000 ബോയിലറുകൾക്കാണ് സബ്സിഡി. ഇതും രാജ്യ വ്യാപകമായ ആവശ്യം നിവർത്തിക്കാൻ കഴിയുന്ന ഇളവുകളല്ല.
മാത്രമല്ല ആളുകൾക്ക് അവരുടെ വീടുകൾ ഇൻസുലേറ്റ് ചെയ്യാനുള്ള ധനസഹായത്തിൻ്റെ അഭാവം സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. കാരണം വീടുകൾ നന്നായി ഇൻസുലേറ്റ് ചെയ്തില്ലെങ്കിൽ ചൂട് പമ്പുകൾ പ്രവർത്തിക്കില്ല. ഉത്തരം കിട്ടാത്ത ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ഉയരുമ്പോഴും സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ജോൺസൺ.
അതേസമയം ഇലക്ട്രിക് കാർ വിപ്ലവത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ട്രഷറി മറ്റൊരു മുന്നറിയിപ്പും നൽകുന്നുണ്ട്. ഇന്ധന തീരുവ ഇല്ലാതാകുന്നതോടെ പ്രതിവർഷം 37 ബില്യൺ പൗണ്ടിൻ്റെ കുറവാണ് ട്രഷറി വരുമാനത്തിൽ ഉണ്ടാവുക.റോഡ് വിലനിർണ്ണയം പോലുള്ള പകര നികുതികൾ വിടവ് നികത്തില്ലെന്ന് ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ആളുകൾക്ക് അധിക നികുതികൾ അല്ലെങ്കിൽ ചെലവ് വെട്ടിക്കുറക്കൽ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Leave a Reply