യു കെ :- പ്രമുഖ മാസ്റ്റർഷെഫ് അവതാരകൻ ഗ്രെഗ് വാലസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മകഥ എഴുതി നൽകിയ ഗോസ്റ്റ്റൈറ്റർ ഷാനൻ കൈൽ. മറ്റൊരാൾക്ക് വേണ്ടി പുസ്തകമോ ലേഖനമോ മറ്റും എഴുതി നൽകുന്നവരാണ് സാധാരണയായി ഗോസ്റ്റ്റൈറ്റേഴ്സ് എന്ന പേരിൽ അറിയപ്പെടുന്നത്. 2012 ൽ അദ്ദേഹത്തിന്റെ ആത്മകഥയായ “ലൈഫ് ഓൺ എ പ്ലേറ്റിന്റെ ” രചനയ്ക്കിടെ ആണ് നിരവധിതവണ അദ്ദേഹം മോശമായ രീതിയിൽ തന്നോട് പെരുമാറിയതെന്ന് ഷാനൻ വ്യക്തമാക്കിയിരിക്കുന്നത്. താൻ വാതിലിൽ മുട്ടിയപ്പോൾ ഒരു ടവൽ മാത്രം ധരിച്ച് തനിക്ക് മുൻപിൽ എത്തുകയും, പിന്നീട് അതും നീക്കി തനിക്ക് മുൻപിൽ നഗ്നത പ്രദർശിപ്പിച്ചതായി ഷാനൻ ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ അത്തരമൊരു മോശമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ഗ്രെഗ് വാലസിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആത്മകഥ എഴുതിയിരുന്ന 2012 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ, വാലസ് തൻ്റെ ലൈംഗിക ജീവിതത്തിൻ്റെ വ്യക്തമായ വിശദാംശങ്ങൾ പങ്കുവെച്ചതായി കൈൽ അവകാശപ്പെടുന്നു. അദ്ദേഹത്തോടൊപ്പം സ്പോർട്സ് യാത്ര ചെയ്ത സമയത്ത് പാസഞ്ചർ സീറ്റിൽ ഇരിക്കുമ്പോൾ, വാലസ് അനുചിതമായി തന്റെ ശരീരത്തിൽ സ്പർശിച്ചതായും കൈൽ വ്യക്തമാക്കുന്നു. ബിർമിങ്ഹാമിൽ നടന്ന ‘ഗുഡ് ഫുഡ് ഷോ’യിൽ പങ്കെടുത്ത സമയത്തും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശമായ അനുഭവം ഉണ്ടായതായി എഴുത്തുകാരി വ്യക്തമാക്കി കഴിഞ്ഞു.
എന്നാൽ തങ്ങളുടെ ക്ലൈന്റിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള യാതൊരു പെരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് ശക്തമായ വാദമാണ് വാലസിന്റെ അഭിഭാഷകർ മുന്നോട്ടുവച്ചിരിക്കുന്നത്. വാലസ് മോശമായ രീതിയിൽ പെരുമാറിയെന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ മുന്നോട്ടുവന്ന സാഹചര്യത്തിൽ, കഴിഞ്ഞയാഴ്ച മാസ്റ്റർഷെഫിൽ നിന്നും അദ്ദേഹം മാറിനിൽക്കുകയാണെന്ന് ഷോ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ നിരവധിപേർ അദ്ദേഹത്തിനെതിരെ മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വാലസിൻ്റെ പെരുമാറ്റത്തെ കുറിച്ചുള്ള ആരോപണങ്ങൾ പുറത്തുവന്നതിന് ശേഷം ബിബിസി തങ്ങളുടെ മാസ്റ്റർഷെഫ് ക്രിസ്മസ് സ്പെഷ്യലുകൾ പിൻവലിച്ചു. വാലസിനെതിരെയുള്ള ആരോപണങ്ങൾ തുറന്നു പറയുവാൻ ധൈര്യം കാണിച്ചവരെ അഭിനന്ദിക്കുന്നതായി ബിബിസി വക്താവ് വ്യക്തമാക്കി. ഇദ്ദേഹത്തിനെതിരെയുള്ള സ്വതന്ത്ര അന്വേഷണത്തിന് പ്രൊഡക്ഷൻ കമ്പനിയും ഉത്തരവിട്ടിട്ടുണ്ട്.
Leave a Reply